കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിന് ആദ്യ ഘട്ടത്തിൽ പത്രിക സമർപ്പിച്ച നടൻ മുകേഷ് സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങൾ പുറത്ത്. എം.എൽ.എയായ നടന് 14.98 കോടിയുടെ സ്വത്ത് വകകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 10.22 കോടിയുടെ സ്വത്തെന്നാണ് രേഖപ്പെടുത്തിയിരുന്നത്. നിലവിൽ ആകെ സ്വത്തുക്കളുടെ മൂല്യം 14,98,08,376 രൂപയാണ്.
താമസിക്കുന്ന വീട് അടക്കം 230 സെന്റ് വസ്തു മുകേഷിന്റെ കൈവശമുണ്ട്. കൂടാതെ ചെന്നൈയിൽ രണ്ടുഫ്ലാറ്റുകളും നടന്റെ പേരിലുണ്ട്. ചെന്നൈയിലെ ടി നഗറിലെ ഫ്ലാറ്റ് മുകേഷിന്റെയും ആദ്യ ഭാര്യ സരിതയുടെയും പേരിലാണ്. രണ്ടാം ഭാര്യ മേതിയൽ ദേവികയുടെയും മുകേഷിന്റെയും പേരിൽ 13 സെന്റ് വസ്തു കടകംപള്ളി വില്ലേജിലുണ്ട്. നടൻ ശ്രീവാസനൊപ്പം ചേർന്ന് 35 സെന്റ് വസ്തു എറണാകുളത്തും വാങ്ങിയിട്ടുണ്ട്.പോത്തൻകോട്,ശക്തികുളങ്ങര,മഹാബലിപുരം,തോന്നയ്ക്കൽ എന്നിവിടങ്ങളിൽ വസ്തുക്കളുണ്ട്. ബിഎംഡബ്ല്യു, മഹീന്ദ്ര എക്സ്.യു.വി കാറുകളുമുണ്ട്.പുനലൂർ പൊലീസ് സ്റ്റേഷനിൽ 2014ൽ രജിസ്റ്റർ ചെയ്ത് വഴിത്തർക്കത്തിന്റെ പേരിലുള്ള കേസാണ് ആകെയുള്ളത്.
50,000 രൂപയാണ് കൈവശമുള്ളത്. വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയുമായിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10,48,08,376 രൂപയുമുണ്ട്. ഫ്ലാറ്റുകളുടെയും വസ്തുക്കളുടെയും വിപണി മൂല്യമായി കണക്കാക്കിയിരിക്കുന്നത് 4,49,50,000 രൂപയാണ്. നടന്റെ 2,40,000 രൂപ മൂല്യം വരുന്ന സ്വർണവുമുണ്ട്.