പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടി ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ. റാങ്കിംഗിലെ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത ലഭിച്ചത്. എച്ച്.എസ് പ്രണോയ്‌ക്ക് ശേഷം ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യൻ പുരുഷതാരം കൂടിയാണ് ലക്ഷ്യ.
20 വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്തിന് വേണ്ടി രണ്ട് താരങ്ങൾ പുരുഷ സിംഗിൾസിൽ മത്സരിക്കാനൊരുങ്ങുന്നത്. 2004-ലെ ഏഥൻസ് ഒളിമ്പിക്സിൽ അഭിൻ ശ്യാം ഗുപ്തയും നിഖിൽ കനേത്കറും പുരുഷ സിംഗിൾസിൽ മത്സരിച്ചിരുന്നു. വനിതാ വിഭാഗത്തിൽ പി.വി സിന്ധു മാത്രമാണ് പാരീസ് ഒളിമ്പിക്‌സ് യോഗ്യത നേടിയത്.
ലോക ഒന്നാം നമ്പർ ജോഡികളായ സാത്വിക് സായിരാജ് -ചിരാഗ് സഖ്യം പുരുഷ ഡബിൾസിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. അതേസമയം, വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പയും തനിഷ ക്രാസ്റ്റോയും യോഗ്യത നേടിയേക്കും.