ബെംഗളൂരു: ഐപിഎൽ 17-ാം സീസണിൽ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റെഡേഴ്‌സിന്റെ മുന്നേറ്റം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 7 വിക്കറ്റിന്റെ ആധികാരിക ജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 16.5 ഓവറിൽ ഇത് മറികടക്കുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് കൊൽക്കത്ത വിജയം സ്വന്തമാക്കിയത്.
സ്‌കോർ
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 182/3; കൊൽക്കത്ത നൈറ്റ് റെഡേഴ്‌സ് 186/3
മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്‌ക്ക് ഓപ്പണർമാരായ ഫിൽ സാൾട്ടും സുനിൽ നരേയ്‌നും ചേർന്ന മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചതോടെ പവർപ്ലേയിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 86 റൺസാണ് കൊൽക്കത്ത നേടിയത്. അപകടകരമായിരുന്ന ഈ കൂട്ടുകെട്ട് പൊളിക്കാൻ ബെംഗളൂരു ബൗളർമാർ വിയർത്തു. 6.3 ഓവറിൽ നരെയ്‌നെ(47) പുറത്താക്കി മായങ്ക് ദങ്കാർ ഈ കൂട്ടുകെട്ട് തകർത്തു. നരെയ്‌ന്റെ 500-ാം ടി20 മത്സരം കൂടിയായിരുന്നു ഇന്ന്. വൺഡൗണായെത്തിയ വെങ്കടേഷ് അയ്യരെ ചേർത്ത് പിടിച്ച് ഫിൽ സാൾട്ട് സ്‌കോർ ബോർഡ് ചലിപ്പിച്ചു. എന്നാൽ അൽപ്പായുസ് മാത്രമായിരുന്നു സാൾട്ടിന് ഉണ്ടായിരുന്നത്. 30 റൺസെടുത്ത താരത്തെ വിജയ്കുമാർ വൈശാഖ് കാമറൂൺ ഗ്രീനിന്റെ കൈയിലെത്തിച്ചു.
നായകൻ ശ്രേയസ് അയ്യർക്കൊപ്പം വെങ്കടേഷ് അയ്യർ തകർത്തടിച്ചു. അർദ്ധ ശതകം പൂർത്തിയാക്കിയ താരത്തെ യഷ് ദയാൽ കൂടാരം കയറ്റി. റിങ്കു സിംഗും (5) ശ്രേയസ് അയ്യരും (50) കെകെആർ നിരയിൽ പുറത്താകാതെ നിന്നു. ബെംഗളൂരു നിരയിൽ മുഹമ്മദ് സിറാജ് ചെണ്ടയായി. മൂന്ന് ഓവർ എറിഞ്ഞ താരം വിക്കറ്റൊന്നുമെടുക്കാതെ 46 റൺസാണ് വഴങ്ങിയത്.