പാരീസ് ഒളിമ്പിക്‌സിൽ സ്വർണം നേടാനാണ് തന്റെ ശ്രമമെന്ന് നീരജ് ചോപ്ര. മെയ് 10 ന് ദോഹയിൽ തുടക്കമാകുന്ന ഡയ്മണ്ട് ലീഗിലൂടെ ഈ സീസണിന് മികച്ച തുടക്കം കുറിക്കാനാണ് താരത്തിന്റെ ശ്രമം. ടോക്കിയോ ഒളിമ്പിക്‌സിൽ നീരജ് ചോപ്ര സ്വർണം നേടിയപ്പോൾ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെച്ച്, മുൻ ലോക ചാമ്പ്യൻ ഗ്രെനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് തുടങ്ങി ലോകത്തിലെ മികച്ച താരങ്ങളെല്ലാം ഇക്കുറി ഡയമണ്ട് ലീഗിനുണ്ട്.
പാരീസിൽ ഒളിമ്പിക്‌സ് സ്വർണം നിലനിർത്താനാണ് എന്റെ ശ്രമം. 90 മീറ്ററിലെറിഞ്ഞ് ഈ ലക്ഷ്യത്തിലെത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മികച്ച സാഹചര്യവും അന്തരീക്ഷവുമുള്ള ഡയ്മണ്ട് ലീഗിലൂടെ സീസണിന് മികച്ച തുടക്കം കുറിക്കാനുള്ള അവസരമാണിതെന്നും താരം പറഞ്ഞു.
ലോകമെമ്പാടുമുള്ള ഇന്ത്യക്കാരിൽ നിന്ന് എനിക്ക് ലഭിക്കുന്ന പിന്തുണ വിശ്വാസിക്കാവുന്നതിലും അപ്പുറമാണ്. എന്നെ പിന്തുണയ്‌ക്കുന്നവരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. മികച്ച പ്രകടനത്തിലൂടെ നിങ്ങൾക്ക് എന്നിലുള്ള വിശ്വാസം നിലനിർത്താനാണ് ഞാൻ ശ്രമിക്കുന്നതെന്നും ചോപ്ര കൂട്ടിച്ചേർത്തു.
നിലവിൽ 89.94 മീറ്ററാണ് ചോപ്രയുടെ വ്യക്തിഗത റെക്കോർഡ്. 2021 ലെ ടോക്കിയോ ഒളിമ്പിക്‌സിൽ 87.58 മീറ്ററെറിഞ്ഞാണ് നീരജ് രാജ്യത്തിനായി അത്ലറ്റിക്‌സിൽ ആദ്യ സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ഡയമണ്ട് ലീഗ്, കോമൺ വെൽത്ത്, വേൾഡ് ചാമ്പ്യൻഷിപ്പ്, തുടങ്ങീ എല്ലാ പ്രധാനപ്പെട്ട കീരിടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.















