ന്യൂഡൽഹി: ഇന്ത്യയിലെ വിദേശനാണ്യ ശേഖരം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. തുടർച്ചയായ അഞ്ചാമത്തെ ആഴ്ചയിലും റെക്കോർഡ് വർദ്ധനയാണ് രേഖപ്പെടുത്തിയത്. മാർച്ച് 22ലെ കണക്ക് പ്രകാരം 642.631 ബില്യൺ യുഎസ് ഡോളറാണ് ഭാരതത്തിന്റെ വിദേശനാണ്യ ശേഖരം. അതിന് തൊട്ടുമുൻപത്തെ ആഴ്ചയിൽ ഇത് 6.396 ബില്യൺ യുഎസ് ഡോളറായിരുന്നു. ഒറ്റയാഴ്ച കൊണ്ട് 140 മില്യൺ ഡോളറാണ് ഉയർന്നത്.
വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ വിദേശകറൻസി ആസ്തി (FCA) നിലവിൽ 568.264 ബില്യൺ യുഎസ് ഡോളറാണ്. അതേസമയം സ്വർണ ശേഖരത്തിൽ വൻ കുതിപ്പാണുണ്ടായിരിക്കുന്നത്. 347 മില്യൺ യുഎസ് ഡോളറിൽ നിന്നും 51.487 ബില്യൺ യുഎസ് ഡോളറായി ഗോൾഡ് റിസർവ് ഉയർന്നുവെന്ന് ആർബിഐയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒരു രാജ്യത്തിന്റെ സെൻട്രൽ ബാങ്കിന്റേയോ മോണിറ്ററി അതോറിറ്റിയുള്ള സ്ഥാപനത്തിന്റെയോ കൈവശമുള്ള ആസ്തികളെയാണ് വിദേശനാണ്യ ശേഖരമെന്ന് (ഫോറിൻ എക്സ്ചേഞ്ച് റിസർവ് അഥവാ ഫോറക്സ് റിസർവ്) വിളിക്കുന്നത്. യുഎസ് ഡോളർ മുതൽ താരതമ്യേന മൂല്യം കുറഞ്ഞ കറൻസികളായ, യൂറോ, ജാപ്പനീസ് യെൻ എന്നിവ വരെയുള്ള വിദേശ കറൻസികളുടെ രൂപത്തിലും വിദേശനാണ്യ കരുതൽ ശേഖരം ഇന്ത്യക്കുണ്ട്.