ആടുജീവിതം നോവൽ വായിച്ചിട്ടുള്ള ഏതൊരാളും ചിന്തിക്കുന്നതാകും നജീബ് മരുഭൂമിയിൽ ഒറ്റപ്പെട്ട സമയത്ത് ഭാര്യ സൈനുവിന്റെ ചിന്താഗതികൾ എന്തൊക്കെയായിരിക്കുമെന്ന്. സൈനുവിന്റെ ഭാഗത്തെക്കുറിച്ച് പറയുന്ന നോവൽ വരണമെന്ന് പറയുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. ഏകാന്തത,ഗർഭിണി ആയിരുന്നതിന്റെ പ്രശ്നം ഇതൊക്കെയും സൈനു അനുഭവിച്ചിട്ടുണ്ട്. ഇതൊക്കെയും നോവലായി വരണമെന്നാണ് ബെന്യാമിൻ പറയുന്നത്. ഒരു അഭിമുഖത്തിനിടയിലായിരുന്നു ബെന്യാമിൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
‘അടുജീവിതത്തിന്റെ പെൺവേർഷൻ വരണമെന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. കാരണം, നജീബ് മരുഭൂമിയിൽ എത്രത്തോളം ഒറ്റപ്പെടലും ഏകാന്തതയും അനുഭവിച്ചോ, അതുപോലെ വീട്ടിൽ ഒറ്റക്ക് നീറി നീറി ജീവിച്ച ഒരാളാണ് സൈനു. അത്, എത്രയോ അധികം പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്നതാണ്. നജീബിന്റെ ജീവിതം ഗൾഫിലേക്ക് പോയ അപൂർവ്വം ചിലർ മാത്രമായിരിക്കും അനുഭവിച്ചിട്ടുള്ളത്. പക്ഷെ, സൈനുവിന്റെ ജീവിതം ഗൾഫിലേക്ക് പോയ എല്ലാ മലയാളികളുടെയും ഭാര്യമാർ അനുഭവിക്കുന്നതാണ്.
വളരെ കുറച്ച് ശതമാനം ആളുകൾ മാത്രമാണ് കുടുംബമായി അവിടെ താമസിക്കുന്നത്. എപ്പോഴെങ്കിലും മടങ്ങിവരട്ടെ, എന്ന് ചിന്തയിൽ കഴിയുന്ന ഭാര്യമാണ്. നജീബിന്റെ കേസിലാകുമ്പോൾ പോയ ആൾ എവിടെ ആണെന്ന് പോലും അറിയില്ല. ഗർഭിണി ആയിരുന്നതിന്റെ പ്രശ്നം അങ്ങനെയൊക്കെയുണ്ട്. സ്വാഭാവികമായിട്ടും സൈനുവിന്റെ ഭാഗവും വരേണ്ടതാണ്. ഏതെങ്കിലും പെണ്ണെഴുത്തുകാർ അതിന് ശ്രമിക്കട്ടെ.’- ബെന്യാമിൻ പറഞ്ഞു.