തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെറിവിളിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ കേസെടുത്ത് പൊലീസ്. സെക്രട്ടറിയേറ്റിന് മുന്നിൽ വർഷങ്ങളായി സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കേസ്. കന്റോൺമെന്റ് പൊലീസാണ് ഐപിസി 294 വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
സഹോദരന്റെ കസ്റ്റഡി മരണത്തിൽ നീതി ആവശ്യപ്പെട്ട് കഴിഞ്ഞ 9 വർഷമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന വ്യക്തിയാണ് ശ്രീജിത്ത്. സെക്രട്ടറിയേറ്റ് വളപ്പിലേക്ക് നോക്കി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതും അസഭ്യം പറയുന്നതും അവിടെയുള്ളവർ മൊബൈലിൽ പകർത്തിയിരുന്നു. ഇത് തെളിവായെടുത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2015-ലാണ് സഹോദരൻ ശ്രീജീവിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സമരമാരംഭിച്ചത്. പാറശ്ശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് ശ്രീജീവ് മരിച്ചത്.