ന്യൂഡൽഹി: ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശരാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. മറ്റുരാജ്യങ്ങൾ അവരവരുടെ പ്രശ്നങ്ങൾ പരിഹരിച്ചാൽ മതി. ജനാധിപത്യ രാജ്യമായ ഭാരതത്തിന് നിയമവാഴ്ചയെ കുറിച്ച് മറ്റുരാജ്യങ്ങളിൽ നിന്നും ഉപദേശങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ജർമ്മനിയും യുഎസും ഐക്യരാഷ്‌ട്ര സഭയും നടത്തിയ പരാമർശത്തിന് പിന്നാലെയാണ് ഉപരാഷ്‌ട്രപതിയുടെ പ്രതികരണം.
‘ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ജനാധിപത്യ രാജ്യമാണ്. ഏതെങ്കിലും വ്യക്തിക്കോ സംഘത്തിനോ വേണ്ടി രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽ വിട്ടുവീഴ്ച വരുത്താനാകില്ല. നിയമപരിപാലനത്തെക്കുറിച്ച് ആരും ഭാരതത്തെ പഠിപ്പിക്കേണ്ടതില്ല. നിയമത്തിനു മുന്നിൽ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ല. രാജ്യത്തെ നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണ് .’ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ സ്ഥാപകദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ ഉപരാഷ്‌ട്രപതി പറഞ്ഞു.
നിയമവാഴ്ച നടപ്പിലാക്കുന്നതിനെ എതിർക്കുന്നവർ, വിഷയത്തെ തെരുവുകളിലേക്ക് കൊണ്ടുവരികയാണ് ചെയ്യുക. മനുഷ്യാവകാശമെന്ന പേരിൽ ചെയ്ത കുറ്റം മറച്ചുവയ്‌ക്കാൻ ശ്രമിക്കും. ഇതെല്ലാം നമുക്ക് മുന്നിലാണ് നടക്കുന്നതെന്നും പ്രതിപക്ഷ സഖ്യത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
തൊഴിലുകളും അവസരങ്ങളും സൃഷ്ടിക്കാൻ അഴിമതി ഒരിക്കലും സഹായിക്കില്ല. അഴിമതിയെന്നാൽ ജയിലേക്കുള്ള പാതയാണ്. ഉത്സവകാലമെന്നോ വിളവെടുപ്പ് കാലമെന്നോ വ്യത്യാസമില്ല. അഴിമതിയെ ഒരുഘട്ടത്തിലും അവഗണിക്കാനാവില്ല. അതിനാൽ ഏതുകാലമായാലും കുറ്റം ചെയ്തവരെ സംരക്ഷിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.