ലഖ്‌നൗ: പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നേടിയത്. ക്വിന്റൺ ഡി കോക്ക്, നിക്കോളാസ് പുരാൻ, ക്യണാൽ പാണ്ഡ്യ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ലഖ്‌നൗവിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 54 റൺസെടുത്ത ക്വിന്റൺ ഡി കോക്കാണ് ടോപ് സ്‌കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗവിന് മികച്ച തുടക്കമാണ് ക്വിന്റൺ ഡികോക്കും കെ എൽ രാഹുലും ചേർന്ന് നൽകിയത്. 3.5 ഓവറിലാണ് കെ.എൽ രാഹുലിന്റെ വിക്കറ്റ് നഷ്ടമാകുന്നത്. 15 റൺസെടുത്ത താരം അർഷ്ദീപ് സിംഗിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. വൺഡൗണായി ക്രീസിലെത്തിയ ദേവദത്ത് പടിക്കലും(9) താളം കണ്ടെത്താനാവാതെ മടങ്ങി.
പിന്നാലെയെത്തിയ മാർകസ് സ്റ്റോയിൻസ് ഡി കോക്കിനെ കൂട്ടുപിടിച്ച് സ്‌കോർ ബോർഡ് ചലിപ്പിച്ചു. പക്ഷേ 8.2 ഓവറിൽ രാഹുൽ ചഹർ സ്‌റ്റോയിൻസിനെ(19) ബൗൾഡാക്കി. നിക്കോളാസ് പൂരാൻ(42), ആയുഷ് ബിഷ്‌ണോയ്(8), രവി ബിഷ്‌ണോയ്(0), മോഹ്‌സിൻ ഖാൻ(2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. കൃണാൽ പാണ്ഡ്യ പുറത്താകാതെ നിന്നു.
സാം കറൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ 2 വിക്കറ്റുമായി അർഷ്ദീപും തിളങ്ങി. കഗീസോ റബാദ, രാഹുൽ ചഹർ എന്നിവർ ഡൽഹിക്കായി ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി. കെ.എൽ രാഹുലിന് പകരം നിക്കോളാസ് പൂരാനാണ് ഇന്ന് ടീമിനെ നയിച്ചത്.















