ബെംഗളൂരു: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗിന് ബാറ്റ് സമ്മാനമായി നൽകി വിരാട് കോലി. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന കെകെആർ- ആർസിബി മത്സരത്തിന് ശേഷമാണ് കോലി റിങ്കുവിന് സ്നേഹ സമ്മാനം നൽകിയത്. ഞങ്ങൾ കാണാൻ ആഗ്രഹിച്ച സൗഹൃദം എന്ന അടിക്കുറിപ്പോടെ റിങ്കുവിന് കോലി ബാറ്റ് സമ്മാനിക്കുന്ന ചിത്രം കെകെആർ തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
റിങ്കു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കോലിക്ക് നന്ദി പറയുകയും ചെയ്തു. ഉപദേശങ്ങൾക്കും ബാറ്റിനും നന്ദി എന്ന അടിക്കുറിപ്പോടെയാണ് സ്‌റ്റോറി പങ്കുവച്ചിരിക്കുന്നത്. റോയൽ ചലഞ്ചേഴ്സും ബാറ്റുനൽകുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ആർസിബിക്കെതിരെ കൊൽക്കത്ത വിജയിക്കുമ്പോൾ അഞ്ചാമനായി ക്രീസിലെത്തിയ റിങ്കു അഞ്ച് റൺസെടുത്ത് പുറത്താകാതെ നിന്നു.
ഏഴ് വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ ജയം. ബെംഗളൂരു ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം 16.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി കൊൽക്കത്ത മറികടന്നു. കൊൽക്കത്തയുടെ ഈ സീസണിലെ രണ്ടാം ജയമായിരുന്നു ഇന്നലെ ചെപ്പോക്കിൽ.