ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. പഞ്ചാബ്, ഒഡീഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ബാക്കിയുള്ള ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബിലെ സിറ്റിംഗ് എംപിയായിരുന്ന ബോളിവുഡ് നടൻ സണ്ണി ഡിയോൾ ഇത്തവണ മത്സരിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.
പഞ്ചാബിലെ 6 സീറ്റുകളിലേക്കും ഒഡീഷയിലെ മൂന്ന് സീറ്റുകളിലേക്കും പശ്ചിമബംഗാളിലെ രണ്ട് സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുദാസ്പൂർ മണ്ഡലത്തിൽ സിറ്റിംഗ് എംപി ആയ സണ്ണി ഡിയോളിന് പകരം ദിനേശ് സിംഗ് ആണ് ഇത്തവണ മത്സരിക്കുന്നത്. പട്യാലയിൽ നിന്ന് മുൻ കോൺഗ്രസ് എംപിയും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗിന്റെ ഭാര്യ പ്രണീത് കൗറാണ് ജനവിധി തേടുന്നത്.
തരൺജിത് സിംഗ് സന്ധു അമൃത്സറിൽ നിന്നും സുശീൽ കുമാർ റിങ്കു ജലന്ധറിൽ നിന്നും രവ്നീത് സിംഗ് ബിട്ടു ലുധിയാനയിൽ നിന്നും ഹൻസ് രാജ് ഹൻസ്-ഫരീദ്‌കോട്ടിൽ നിന്നും മത്സരിക്കും.
ഒഡീഷയിൽ രബീന്ദ്ര നാരായൺ ബെഹ്റ ജാജ്പൂരിൽ നിന്നും സുകാന്ത കുമാർ പാനിഗ്രാഹി കന്ധമാലിൽ നിന്നും ഭർതൃഹരി മഹ്താബ് കട്ടക്കിൽ നിന്നും ജനവിധി തേടും. പശ്ചിമ ബംഗാളിൽ മുൻ ഐപിഎസ് ഓഫീസർ ദേബാശിഷ് ധർ ബിർഭൂമിൽ നിന്നും പ്രണത് ടുഡു ജാർഗ്രാമിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കും.
ഇതുവരെ 414 സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്. 195 സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ബിജെപി പ്രഖ്യാപിച്ചത്. 543 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 19നും ജൂൺ ഒന്നിനും ഇടയിലായി 7 ഘട്ടങ്ങളിൽ ആയാണ് നടക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുക.















