ഇറ്റാനഗര്‍ : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരുണാചലില്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗനാ മേനും ഉള്‍പ്പെടെ 10 ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി അവസാനിച്ചതിനാല്‍ ഖണ്ഡുവും മറ്റ് ഒമ്പത് സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പവന് കുമാര്‍ സെയിന്‍ ആണ് അറിയിച്ചത്.
തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തില്‍ മുഖ്യമന്ത്രി പെമഖണ്ഡു മാത്രമേ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നുള്ളു . ചൗക്കാം മണ്ഡലത്തിലാണ് ഉപമുഖ്യമന്ത്രി ചൗനാ മേന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശനിയാഴ്ച തന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെയാണ് ചൗനാ മേന്‍ വിജയിച്ചത്. ആറ് അസംബ്ലി മണ്ഡലങ്ങളിൽ ഓരോ സ്ഥാനാർത്ഥി മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് . മറ്റ് നാല് മണ്ഡലങ്ങളിൽ രണ്ട് സ്ഥാനാർത്ഥികൾ വീതമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ബുധനാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 60 മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചിരുന്നു. നാലിടത്ത് പ്രതിപക്ഷ സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുകയായിരുന്നുവെന്ന് പവന് കുമാര്‍ സെയിന്‍ പറഞ്ഞു.
‘ മോദിയോടുള്ള ജനങ്ങളുടെ സ്നേഹവും വിശ്വാസവും സംസ്ഥാനത്തിന്റെ സർവതോന്മുഖമായ വികസനം ഉറപ്പാക്കുന്നതിലുള്ള ഞങ്ങളുടെ അർപ്പണബോധവുമാണ് ഇതിനെല്ലാം കാരണം‘ എന്നാണ് മുഖ്യമന്ത്രി പേമ ഖണ്ഡു സന്തോഷം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തത് .