മുംബൈ: ഹാർദിക് പാണ്ഡ്യക്കെതിരെയുള്ള ആരാധക രോഷത്തിൽ നടപടി സ്വീകരിക്കുമെന്ന റിപ്പോർട്ടിൽ വിശദീകരണവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ.
രോഹിത്തിനായി ആർപ്പുവിളിക്കുന്നവരെയും പാണ്ഡ്യക്കെതിരെ കൂവുന്നവരെയും സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുമെന്നായിരുന്നു റിപ്പോർട്ട്. സീസണിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സ്‌റ്റേഡിയങ്ങളിൽ ഹാർദിക്കിനെതിരെ വലിയ രോക്ഷം ഉയർന്നിരുന്നു.
നാളെ നടക്കുന്ന മുംബൈ ഇന്ത്യൻസ്-രാജസ്ഥാൻ റോയൽസ് പോരാട്ടത്തിലും ഹാർദിക്കിനെതിരെ ആരാധകർ രംഗത്തെത്തുമെന്ന് സൂചനയുണ്ട്. ഇതിനിടെയാണ് ഹാർദിക്കിനെ കൂവുന്നവരെ നിരീക്ഷിക്കാൻ പ്രത്യേകം പൊലീസിനെ നിയോഗിച്ചുവെന്നും കൂവുന്ന ആരാധകരെ സ്റ്റേഡിയത്തിൽ നിന്നും ഒഴിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വന്നത്. ഈ വാർത്ത അടിസ്ഥാന രഹിതമാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ആരാധകരെ നിയന്ത്രിക്കാൻ ബിസിസിഐ നൽകിയ മാർഗനിർദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്യുക. സ്‌റ്റേഡിയത്തിൽ നിന്ന് ആരെയും പുറത്താക്കില്ലെന്നും അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. നാളെ വാങ്കഡെയിൽ ആദ്യ ഹോം മത്സരത്തിനാണ് മുംബൈ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തോൽവിക്ക് പിന്നാലെ ഹാർദിക്കിന്റെ ക്യാപ്റ്റൻസിക്കെതിരെയും രൂക്ഷവിമർശനമുയർന്നിരുന്നു.