ഐപിഎല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ ഒരൊറ്റ പന്തുകൊണ്ട് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സിന്റെ യുവതാരം മായങ്ക് യാദവ്. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ അരങ്ങേറിയ താരം, ശിഖർ ധവാനെതിരെ 155.8 കിലോ മീറ്റർ വേഗത്തിൽ പന്തെറിഞ്ഞാണ് വാർത്തകളിൽ ഇടംപിടിച്ചത്.
200 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ സ്വപ്‌നങ്ങളെ തകർത്തത് 21 വയസുകാരനായ മായങ്ക് യാദവാണ്. 11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 102 റൺസുമായി ജയത്തിലേക്ക് കുതിച്ച പഞ്ചാബ് കിംഗ്‌സിന്റെ മുന്നേറ്റത്തിന് സഡൻ ബ്രേക്കിട്ടത് മായങ്കിന്റെ മാജിക്കൽ സ്‌പെല്ലായിരുന്നു. കന്നി ഓവറിലെ ആദ്യ രണ്ടു പന്തും 150 കിലോ മീറ്റർ വേഗത്തിലെറിഞ്ഞാണ് എറിഞ്ഞാണ് മായങ്ക് തുടക്കമിട്ടത്. ജോണി ബെയർസ്റ്റോ, പ്രഭ്സിമ്രൻ സിംഗ് ശിഖർ എന്നിവരെ വീഴ്‌ത്തി കളി ലഖ്നൗവിന് അനുകൂലമാക്കി. നാലോവറിൽ വഴങ്ങിയത് 27 റൺസും.
തന്റെ രണ്ടാം ഓവറിലെ ആദ്യ പന്ത് ശിഖർ ധവാനെതിരെ 155.8 കിലോ മീറ്റർ വേഗത്തിലെറിഞ്ഞതോടെയാണ് ഈ ഐപിഎല്ലിലെ നിലവിലെ ഏറ്റവും വേഗമേറിയ ബൗളറായത്.
നാന്ദ്രെ ബർഗറാണ് തൊട്ടുപിന്നിലുള്ളത്.
2024 ലെ ഏറ്റവും വേഗമേറിയ ബോളുകൾ
155.8 kmph -മായങ്ക് യാദവ് – LSG vs PBKS
153.9 kmph -മായങ്ക് യാദവ് – LSG vs PBKS
153.4 kmph- മായങ്ക് യാദവ് – LSG vs PBKS
153 kmph – നാന്ദ്രെ ബർഗർ RR vs DC
152.3 kmph – ജെറാൾഡ് കോട്ട്‌സീ MI vs SRH
151.2 kmph- അൽസാരി ജോസഫ് – RCB vs KKR
150.9 kmph- മതീഷ പതിരാന – CSK vs GT
ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ച് മായങ്കായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്. ‘ഇതൊരു മികച്ച അരങ്ങേറ്റമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മത്സരത്തിന് മുമ്പ് ഞാനാകെ പരിഭ്രാന്തനായിരുന്നു. വേഗതയിലും ലക്ഷ്യത്തിലും ഉറച്ചുനിൽക്കാനാണ് ശ്രമിച്ചത്.’ മത്സരത്തിന് ശേഷം മായങ്ക് പറഞ്ഞു.















