കൊച്ചി: മുളകുപൊടിയെറിഞ്ഞ ശേഷം വയോധികയെ ആക്രമിച്ച മാല പൊട്ടിച്ച യുവാവിനെ പിടികൂടി. ചേന്ദമംഗലം കിഴക്കുംപുറം ഷാജഹാനെ (28) ആണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 80 വയസുകാരി സുഭദ്രയാണ് ആക്രമത്തിനിരയായത്. ഇയാൾ പാെട്ടിച്ച മാല മുക്കുപണ്ടമായിരുന്നുവെന്ന് പൊലീസ് പിടികൂടിയ ശേഷമാണ് ഷാജഹാൻ മനസിലാക്കുന്നത്.
ചേന്ദമംഗലം കിഴക്കുംപുറം ഭാഗത്ത് കോറ്റട്ടാല്‍ ക്ഷേത്രത്തിന് സമീപമുള്ള കോൺക്രീറ്റ് റോഡിലൂടെ നടന്നു പോകുന്നതിനിടെയായിരുന്നു ആക്രമണം. പ്രതിയുടെ വീടിന് മുന്നിലെത്തിയപ്പോഴാണ് സുഭദ്ര ആക്രമണത്തിനിരയായത്. പിന്നീട് ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി വിശ്രമിക്കാൻ കയറ്റിയിരുത്തിയതും പ്രതിയുടെ വീട്ടിലായിരുന്നു. നാട്ടുകാർക്കൊപ്പം പ്രതിയും സജീവമായിയുണ്ടായിരുന്നു.
മുണ്ടുമാത്രം ധരിച്ചയാളാണ് മാല പൊട്ടിച്ചതെന്ന സുഭദ്രയുടെ മൊഴിയാണ് പൊലീസിന് പിടിവള്ളിയായത്. ഇതിന്റെ ചുവട്പിടിച്ചുള്ള അന്വേഷണമാണ് ഷാജഹാനിലേക്ക് എത്തിയത്. സംശയത്തിന്റെ പേരിൽ നടത്തിയ ചോദ്യം ചെയ്യലിലിൽ പ്രതി മോഷണം സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീട്ടിലെ ഒരു ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന തവിടിനുള്ളില്‍ ഒളിപ്പിച്ചിരുന്ന മാല പൊലീസ് കണ്ടെടുത്തു. ഷാജഹാനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.















