ഇടുക്കി: മാസങ്ങളായി ക്ഷേമ പെൻഷൻ മുടങ്ങിയതിന് പിന്നാലെ സർക്കാരിനെതിരെ സമരത്തിനിറങ്ങി വാർത്തകളിൽ ഇടംപിടിച്ച 90-കാരി പൊന്നമ്മ അന്തരിച്ചു. ആറു മാസത്തെ പെൻഷൻ ലഭിക്കാൻ ബാക്കിയിരിക്കെയാണ് വിയോഗം. അന്നത്തിന് വകയില്ലാതായോടെയാണ് ഇടുക്കി വണ്ടിപ്പെരിയാറിൽ റോഡിൽ കസേരയിട്ടിരുന്ന് പൊന്നമ്മ പ്രതിഷേധിച്ചത്. ഒരു മണിക്കൂറോളം സമരം തുടർന്ന ഇവരെ പൊലീസെത്തിയാണ് അനുനയിപ്പിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് ഉച്ചയ്‌ക്ക് രണ്ടിനായിരുന്നു പൊന്നമ്മയുടെ അന്ത്യം. മരുന്നും വീട്ടുസാധനങ്ങളും വാങ്ങാൻ നയാപൈസ ഇല്ലാതിരുന്നതോടെയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ പൊന്നമ്മ സർക്കാരിനെതിരെ സമരത്തിനിറങ്ങിയത്. എന്നാൽ സമരത്തെ അധിക്ഷേപിച്ച് സിപിഎം നേതാവ് ഇ.പി ജയരാജൻ അടക്കം രംഗത്തുവന്നിരുന്നു.
നിത്യരോഗിയായിരുന്ന പൊന്നമ്മയക്ക് മസ്റ്ററിംഗ് പൂര്‍ത്തായാക്കാനായിരുന്നില്ല. അവശയായിരുന്ന പൊന്നമ്മയുടെ വീട്ടിലെത്തി മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് നിരന്തരം ആവശ്യമുയർന്നതോടെ നടപടി പൂർത്തിയാക്കി. എന്നാൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തത് പെൻഷൻ കിട്ടാൻ തടസമായി. സർട്ടിഫിക്കറ്റ് ഹാജരാക്കിയ ഷേഷം ഒരുമാസത്തെ പെൻഷനാണ് ലഭിച്ചത്.