ഡൽഹിയുടെ മികവേറിയ ബൗളിംഗിന് മുന്നിൽ അടിയറവ് പറഞ്ഞ് ചെന്നൈയുടെ ബാറ്റിംഗ് നിര. ഫിനിഷിംഗിന്റെ തലതൊട്ടപ്പൻ ധോണിയും ജഡേജയും ക്രീസിൽ നിൽക്കെ ചെന്നൈയെ പിടിച്ചുകെട്ടിയ ഡൽഹി 20 റൺസിന്റെ ജയമാണ് സ്വന്തമാക്കിയത്. ഡൽഹിയുയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. 7 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായ ചെന്നൈ ആദ്യ ആറോവറിൽ നേടിയത് 32 റൺസായിരുന്നു.
അജിൻക്യ രഹാനെ(45), ഡാരിൽ മിച്ചൽ (34) കൂട്ടുകെട്ടാണ് കൂടുതൽ തകർച്ചകളില്ലാതെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. മിച്ചൽ വീണതിന് പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെയ്‌ക്ക് 17 പന്തിൽ 18 റൺറേറ്റ് ഉയർത്താൻ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്. തൊട്ടടുത്ത പന്തുകളിൽ ദുബെയും സമീർ റിസ്വിയെയും(0) പുറത്താക്കിയ മുകേഷ് കുമാറാണ് കളി ഡൽഹിക്ക് അനുകൂലമാക്കിയത്. ധോണിയും ജഡേജയും ക്രീസിൽ നിൽക്കെ 19-ാം ഓവർ എറിയാനെത്തിയ മുകേഷ് കുമാർ അഞ്ചു റൺസാണ് വിട്ടു നൽകിയത്. ഇതോടെ ചെന്നൈ തോൽവി ഉറപ്പിച്ചു.
16 പന്തിൽ 37 റൺസടിച്ച ധോണിക്കും 17 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്ന ജഡേജയ്‌ക്കും അവസാന ഓവറിൽ തോൽവിഭാരം കുറയ്‌ക്കാനായെന്ന് മാത്രം. ഖലീൽ അഹമ്മദ് രണ്ടും മുകേഷ്കുമാർ മൂന്നും വിക്കറ്റെടുത്തപ്പോൾ അക്സർ പട്ടേലിന് ഒരു വിക്കറ്റ് കിട്ടി.ഡൽഹിയുടെ സീസണിലെ ആദ്യ വിജയമായിരുന്നു വിശാഖപട്ടണത്തേത്.