കണ്ണൂർ: മാഹിയിൽ സ്വന്തം സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കണോ, അതോ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കോ എന്ന ആശയക്കുഴപ്പത്തിൽ സിപിഎം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടി വരുമോയെന്ന ആശങ്കയാണുള്ളത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കുമ്പോൾ ആ മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ എന്ത് നിലപാടെടുക്കുമെന്ന് തീരുമാനിക്കാൻ സിപിഎമ്മിന് സാധിച്ചിട്ടില്ല.
കോൺഗ്രസ് സ്ഥാനാർത്ഥി പി വൈദ്യലിംഗത്തിന്റെ പ്രചാരണ രംഗത്തും സിപിഎം സജീവമാണ്. മാഹിയിലെ സിപിഎം കമ്മിറ്റി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. അവിടെ കോൺഗ്രസിനെ പിന്തുണച്ചാൽ കേരളത്തിൽ എതിർപാർട്ടികൾ പ്രചാരണ ആയുധമാക്കുമോ എന്നതാണ് സിപിഎമ്മിനെ അലട്ടുന്നത്.മാഹിയോട് ചേർന്നുകിടക്കുന്ന മണ്ഡലമായ വടകരയിൽ കോൺഗ്രസും സിപിഎമ്മും കടുത്ത പോരാട്ടത്തിലാണ്. അതിനാൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യാൻ മാഹിയിലെ സിപിഎമ്മിന് പ്രയാസമുണ്ടാകും. വോട്ടർമാർക്ക് മുന്നിൽ ഇത് അവതരിപ്പിക്കാനും സിപിഎം വെള്ളം കുടിക്കും.
ഇതേ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞതവണ കമൽഹാസന്റെ പാർട്ടിയായ മക്കൾനീതിമയ്യത്തിന് പിന്തുണ നൽകുകയാണ് ചെയ്തത്. അതിന് മുമ്പ് ഒരു തവണ സിപിഐ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കുകയും, ഇടതുസ്ഥാനാർത്ഥിയെ പുതുച്ചേരിയിൽ കളത്തിലിറക്കുകയും ചെയ്തു. കോൺഗ്രസ് സ്ഥാനാർത്ഥിയെ എതിർക്കരുതെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കരുതെന്നുമുള്ള നിലപാട് സിപിഎം പുതുച്ചേരി സംസ്ഥാന നേതൃത്വം മാഹിയിലെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.















