ന്യൂഡൽഹി: രാജ്യത്ത് 52 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ തുറന്നുവെന്നും അതിൽ 55 ശതമാനവും സ്ത്രീകളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ പത്ത് വർഷത്തിനിടെ സഹകരണ മേഖലക്ക് വലിയ മുന്നേറ്റം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. റിസർവ് ബാങ്കിന്റെ 90-ാം സ്ഥാപക വർഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
“2014-ൽ ആർബിഐയുടെ 80 വർഷം പൂർത്തിയാകുന്ന പരിപാടിയിൽ ഞാൻ പങ്കെടുത്തിരുന്നു. എന്നാൽ അന്നത്തെ സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു. ബാങ്കിംഗ് മേഖലയുടെ തകർച്ച അന്ന് നേരിൽ കണ്ടു. പ്രശ്നങ്ങളോടും വെല്ലുവിളികളോടും രാജ്യം മല്ലിട്ടുകൊണ്ടിരിക്കുകയായിരുന്നു. രാജ്യത്തിന്റെ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാവിയെ കുറിച്ച് നമ്മുക്ക് ആശങ്കയുണ്ടായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് പിന്തുണ നൽകാൻ പൊതുമേഖലാ ബാങ്കുകൾക്ക് കഴിയാത്ത വിധം സ്ഥിതിഗതികൾ മോശമായിരുന്നു”.
“എന്നാൽ ഇന്ന് ലോകത്തിലെ തന്നെ ശക്തമായ ബാങ്കിംഗ് സംവിധാനമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ സംവിധാനമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ ബാങ്കിംഗ് മേഖല. സർക്കാരിന്റെ നയങ്ങളും ഉദ്ദേശ്യങ്ങളും തീരുമാനങ്ങളും കൃത്യമായതിനാലാണ് ഈ മാറ്റങ്ങൾ വന്നത്. ഞങ്ങളുടെ ശ്രമങ്ങൾക്ക് ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടായിരുന്നു. രാജ്യത്ത് ഇപ്പോൾ 52 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ പുതുതായി തുറന്നു. അതിൽ 55 ശതമാനത്തിലധികം സ്ത്രീകളും ഏഴ് കോടിയിലധികം കർഷകരും മത്സ്യത്തൊഴിലാളികളുമാണ്”.
“രാജ്യത്തെ ഗ്രാമീണ മേഖലയുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ മുന്നേറ്റമുണ്ടായി. കഴിഞ്ഞ പത്ത് വർഷത്തിനിടെ സഹകരണ മേഖലക്ക് മാറ്റങ്ങൾ സംഭവിച്ചു. യുപിഐ ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. എല്ലാ മാസവും യുപിഐയിലൂടെ 1200 കോടിയിലധികം പണമിടപാടുകളാണ് നടക്കുന്നത്”.
“രാജ്യത്തെ വിനോദസഞ്ചാര മേഖലയും അതിവേഗം വളരുകയാണ്. ലോകത്തുടനീളമുള്ള വിനോദ സഞ്ചാരികൾ ഭാരതത്തിലെത്തുന്നു. ഭാരതത്തെ കുറിച്ച് അറിയാനും മനസിലാക്കാനും അവർ ആഗ്രഹിക്കുന്നു. വരും വർഷങ്ങളിൽ ലോകത്തിലെ തന്നെ പ്രശസ്ത തീർത്ഥാടന നഗരമായി അയോദ്ധ്യ മാറും”- പ്രധാനമന്ത്രി പറഞ്ഞു.