എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎമ്മിന് തിരിച്ചടി, തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി നേട്ടീസ് നൽകി. എം.എം വർഗീസ് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. എന്നാൽ തനിക്ക് നോട്ടീസ് കിട്ടിയില്ലെന്നും ഹാജരാകുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച ശേഷമാകും തീരുമാനിക്കുകയെന്നും വർഗീസ് പറഞ്ഞു.
സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇഡി ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും തെരഞ്ഞെടുപ്പ് കമ്മിഷനും കൈമാറിയിട്ടുണ്ട്. കള്ളപ്പണക്കേസിൽ അന്വേഷണം ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി ആലത്തൂർ സ്ഥാനാർത്ഥി പ്രൊഫ.ടി.എൻ സരസുവിന് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഇഡി നടപടികൾ ശക്തമാക്കിയത്.
കരുവന്നൂരിൽ അഞ്ചു രഹസ്യ അക്കൗണ്ടുകൾ സിപിഎമ്മിനുണ്ടെന്നാണ് കണ്ടെത്തൽ. അക്കൗണ്ടുകൾ തുറക്കണമെങ്കിൽ അംഗത്വമെടുക്കണമെന്ന സഹകരണ നിയമവും ബൈലോയും മറികടന്നാണ് അക്കൗണ്ടുകൾ എടുത്തിരിക്കുന്നത്. തൃശൂരിലെ 17 ഏരിയ കമ്മിറ്റിക്ക് കീഴിൽ വിവിധ സഹകരണ ബാങ്കുകളിലായി 25 അക്കൗണ്ടുകളുണ്ട്.
എന്നാൽ ഓഡിറ്റ് കണക്കുകളിൽ ഈ വിവരങ്ങൾ ഇല്ലെന്നാണ് ഇഡിയുടെ കണ്ടെത്തൽ. പാർട്ടി ഫണ്ട്, ലെവി പിരിവ്, പാർട്ടി ഭൂമിയിടപാടുകളിലൂടെ ലഭിക്കുന്ന തുക നിക്ഷേപിക്കാനും, ബെനാമി വായ്പകൾ നൽകാനും കമ്മിഷൻ തുക നിക്ഷേപിക്കാനും അക്കൗണ്ട് വിനിയോഗിച്ചെന്ന് ഇഡി കണ്ടെത്തി.















