ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ അഭിവൃദ്ധിക്കും ജനങ്ങൾക്കും വേണ്ടിയുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭാരതത്തെ വികസിത രാജ്യമാക്കാനുള്ള യാത്രയിലാണ് പ്രധാനമന്ത്രിയെന്നും ഇന്ന് ഇന്ത്യ ലോകത്തിന്റെ നെറുകിലാണെന്നും അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ ജോധ്പൂരിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഇന്ന് ലോകം ഭാരതത്തെ ഉറ്റുനോക്കുന്നു. രാജ്യത്തെ മറ്റ് രാജ്യങ്ങൾക്കൊപ്പം മുൻനിരയിൽ എത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഹോരാത്രം പ്രയത്‌നിച്ചത്. നമുക്കൊരിക്കലും അദ്ദേഹത്തിന്റെ ഗ്യാരന്റികളെ കുറിച്ച് പറയാതിരിക്കാൻ സാധിക്കില്ല. എന്തൊക്കെ വാഗ്ദാനങ്ങൾ അദ്ദേഹം നൽകിയോ അതെല്ലാം പ്രധാനമന്ത്രി കഴിഞ്ഞ 10 വർഷത്തിനിടെ നിറവേറ്റി കഴിഞ്ഞിരിക്കുന്നു. ശ്രീരാമനെ തിരികെ അയോദ്ധ്യയിലെത്തിക്കുമെന്ന് പ്രധാനമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠയിലൂടെ രാജ്യത്തെ ജനങ്ങൾ അദ്ദേഹം നൽകിയ വാഗ്ദാനം നിറവേറ്റിയതിനാണ് സാക്ഷ്യം വഹിച്ചത്. മുത്തലാഖ് നിർത്തലാക്കി രാജ്യത്തെ മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾ പ്രധാനമന്ത്രി സംരക്ഷിച്ചു. ഇന്ന് നമ്മുടെ രാജ്യത്തെ ലോകനേതാക്കൾ വിലമതിക്കുന്നു. രാജ്യത്തിന്റെ അഭിവൃദ്ധിക്കായാണ് ഓരോ ദിവസവും അദ്ദേഹം പ്രവർത്തിക്കുന്നത്”- അമിത് ഷാ പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നൽകികൊണ്ട് ജവഹർലാൽ നെഹ്‌റു ഭാരതീയരോട് വലിയ തെറ്റ് ചെയ്തു. എന്നാൽ ആ തെറ്റ് തിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി 2019 ഓഗസ്റ്റ് 5ന് ത്രിവർണ പതാക കശ്മീരിൽ ഉയർത്തി. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിനാണ് ഇനിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. മൂന്നാം തവണയും നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലേറുമെന്നും രാജ്യത്തെ ദാരിദ്ര്യമുക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.















