ഇറ്റാനഗർ: അരുണാചൽ പ്രദേശിന് മേൽ ചൈന നടത്തുന്ന അവകാശവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്
അരുണാചൽ പ്രദേശ്. ഇവിടുത്തെ ജനങ്ങൾ ഭാരതീയരാണെന്നും യാഥാർത്ഥ്യത്തെ മാറ്റാൻ ചൈനക്ക് ആകില്ലെന്നും അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയതിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
‘അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങൾക്ക് ചൈന നിയമവിരുദ്ധമായി പുതിയ പേരിട്ടതിനെ ഞാൻ ശക്തമായി അപലപിക്കുന്നു. അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണ് ചൈന ഉന്നയിക്കുന്നത്. ഈ പൊള്ളത്തരം യാഥാർത്ഥ്യത്തെയും ചരിത്ര വസ്തുതകളെയും മാറ്റാൻ പോകുന്നില്ല.’ അദ്ദേഹം എക്‌സിൽ കുറിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈന നടത്തുന്ന അവകാശവാദങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. പേരുമാറ്റിയെന്നത് കൊണ്ട് ഒരു സംസ്ഥാനത്തിന്റെയും ഉടമസ്ഥത മാറുകയില്ലെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലൊന്നായ അരുണാചൽ പ്രദേശിലെ ഒരു പ്രത്യേക മേഖലയെ ‘സംഗ്‌നാൻ’ എന്ന് പേരിട്ട് വിശേഷിപ്പിക്കുന്ന ചൈന, ഈ പ്രദേശം ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നു. അരുണാചൽ പ്രദേശിന്റെ കാര്യത്തിൽ എന്നും കൃത്യമായ സ്ഥിരതയുള്ള നിലാപാടാണ് ഭാരതം സ്വീകരിച്ചിട്ടുള്ളതെന്നും ചൈന നടത്തുന്നത് അസംബന്ധ വാദങ്ങൾ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.