പോഷക സമ്പന്നമാണ് മുട്ട എന്ന് നമുക്കറിയാവുന്നതാണ്. വിറ്റാമിൻ എ, വിറ്റാമിൻ ഡി., ബി12 തുടങ്ങിയ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് മുട്ട. ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും മുട്ട അത്യാന്താപേക്ഷിതമാണ്.
മുട്ട പുഴുങ്ങി കഴിക്കുന്നതും ഏറെ ഗുണങ്ങൾ നൽകുന്നു. തിമിരത്തെ പ്രതിരോധിക്കുന്നതിനും കോർണിയ സംരക്ഷിക്കുന്നതിനും കാഴ്ചയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പുഴുങ്ങിയ മുട്ട സഹായിക്കുന്നു. എന്നാൽ പലപ്പോഴും മുട്ട എടുത്ത് മുട്ടത്തോട് ഉപേക്ഷിക്കുന്നതാണ് പതിവ്. വെറുതെ ചവിറ്റുകുട്ടയിലോ തൊടിയിലേക്കോ വലിച്ചെറിയുന്ന മുട്ടത്തോടിനും ചില ഗുണങ്ങളുണ്ട്. അവ അറിയാതെ പോകരുത്..
മുട്ടത്തോട് വൃത്തിയായി കഴുകി ഉണക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
1) കോഴികൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും തീറ്റയാക്കാം
കാൽസ്യം സമ്പന്നമാണ് മുട്ടത്തോടുകൾ. അതിനാൽ തന്നെ കോഴികൾക്കും മറ്റും തീറ്റയാക്കാവുന്നതാണ്. മുട്ടയിട്ടതിന് ശേഷം മുട്ടത്തോടുകൾ കാൽസ്യം നൽകുന്നതിന് സഹായിക്കുമെന്ന് പഠനം പറയുന്നു.
2) സന്ധിവേദനയിൽ നിന്ന് ശമനം
സന്ധി വേദന, പരിക്ക് എന്നിവയ്‌ക്ക് പരിഹാരം കണ്ടെത്താൻ മുട്ടത്തോടിന് കഴിയും. മുട്ടത്തോടുകൾ പൊടിച്ച് ചില്ല് പാത്രത്തിൽ വയ്‌ക്കണം. ഇതിലേക്ക് ആപ്പിൾ സിഡെർ വിനെഗർ ചേർത്ത് കൊടുക്കുക. മുട്ടത്തോടുകൾ മൂടും വിധത്തിലാകണം ഇത് ചേർത്ത് കൊടുക്കാൻ. രണ്ട് ദിവസം മിശ്രിതം മൂടി വയ്‌ക്കണം. തുടർന്ന് ഈ ലായനി പാടുകളിലും വേദനയുള്ള ഭാഗങ്ങളിലും പുരട്ടുന്നത് ആശ്വാസം നൽകും. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന കൊളാജൻ, കോൻട്രായിറ്റിൻ, ഗ്ലൂക്കോസാമൈൻ, ഹൈലൂറോണിക് ആസിഡ് തുടങ്ങിയ പോഷകങ്ങൾ മുട്ടത്തോടുമായി ചേർന്നാണ് വേദനസംഹാരിയായി പ്രവർത്തിക്കുന്നത്.
3) നിലം വൃത്തിയാക്കാൻ
വീട്ടിലെ തറ തുടയ്‌ക്കാനായി വലിയ തുക മുടക്കി ലോഷനും മറ്റും വാങ്ങുന്നവരാകും മിക്കവരും. പലരും ഇവ ഉപയോഗിച്ച് പലവിധത്തിലുള്ള അലർജിയും ക്ഷണിച്ചു വരുത്തിയിട്ടുണ്ടാകും. രാസവസ്തുക്കൾക്ക് ബദലായി മുട്ടത്തോടിനെ ഉപയോഗിക്കാവുന്നതാണ്. ഉണങ്ങിയ മുട്ടത്തോടുകൾ പൊടിച്ച് സൂക്ഷിക്കുകയേ വേണ്ടൂ. കറയും ഗ്രീസും വരെ ഇല്ലാതാക്കാൻ ഇത് മതി. മുട്ടത്തോട് പൊടിച്ചതിൽ തുണിയോ സ്പോഞ്ചോ മുക്കി ഉരച്ചാൽ മാത്രം മതി.
4) പ്രകൃതിദത്ത വളം
ചട്ടിയിലും ഉദ്യാനത്തിലുമൊക്കെ നട്ടുവളർത്തുന്ന ചെടികളിൽ അൽപം മുട്ടത്തോട് പൊടിച്ചത് ചേർത്താൽ അത്ഭുതം കാണാവുന്നതാണ്. ചെടികളുടെ വളർച്ചയ്‌ക്ക് സഹായിക്കുന്ന കാൽസ്യവും മറ്റ് ധാതുക്കളും നൽകാൻ ഇതിന് കഴിയും. മുട്ടത്തോട് പൊടിച്ചത് മണ്ണുമായി ചേർന്ന് വിഘടിച്ച് മണ്ണിനെ സമ്പുഷ്ടമാക്കുന്നു.
5) കാപ്പിയിൽ ചേർത്ത് കുടിക്കാം
കാപ്പിയുടെ കയ്പ്പ് കുറയ്‌ക്കാൻ മുട്ടത്തോട് സഹായിക്കുമെന്നാണ് പറയുന്നത്. പഴമക്കാർ സ്ഥിരമായി പ്രയോഗിച്ചിരുന്ന ഈ തന്ത്രം കോഫി മേക്കറുകളിലും ഉപയോഗിക്കുന്നു.
6) ടൂത്ത്പേസ്റ്റ് ഉണ്ടാക്കാൻ
വീട്ടിൽ മുട്ടത്തോട് കൊണ്ട് ടൂത്ത്പേസ്റ്റും ഉണ്ടാക്കാവുന്നതാണ്. ഇതിനായി കാൽ കപ്പ് മുട്ടത്തോടിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ, അര ടീസ്പൂൺ കാസ്റ്റൈൽ സോപ്പ്, രണ്ടോ മൂന്നോ തുള്ളി പെപ്പെർമിൻറ് എസ്സൻഷ്യൽ ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്താൽ ടൂത്ത്പേസ്റ്റ് തയ്യാർ.