ചെന്നൈ: കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് വിട്ടുനൽകിയതിൽ തമിഴ്‌നാട് സർക്കാരിന് പങ്കില്ലെന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി സമ്മതം നൽകിയിരുന്നുവെന്ന് അണ്ണാമലൈ പറഞ്ഞു.
ഡിഎംകെ സർക്കാർ മത്സ്യത്തൊഴിലാളകളെ വഞ്ചിക്കുകയാണ്. കച്ചത്തീവ് വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പാർട്ടിയ്‌ക്ക് യാതൊരു അവകാശങ്ങളുമില്ല. ദ്വീപ് കൈമാറ്റത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അവകാശപ്പെട്ടതിനെ തുടർന്നാണ് ഞങ്ങൾ വിവരാവകാശ അപേക്ഷ നൽകിയത്.
കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് കൈമാറ്റം ചെയ്തതുകൊണ്ടാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടമായത്. ശ്രീലങ്കൻ നാവികസേന അവരെ കൊലപ്പെടുത്തി. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന കൊലപ്പെടുത്തിയത്. കച്ചത്തീവ് വീണ്ടെടുക്കുന്നതിനായി ബിജെപി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.
അരുണാചൽ പ്രദേശിലെയും കശ്മീരിലെയും ഭൂമികൾ ചൈന കയ്യേറിയെന്ന കോൺഗ്രസിന്റെ അവകാശവാദം അണ്ണാമലൈ നിഷേധിച്ചു. ബിജെപിയുടെ ഭരണകാലത്ത് ഒരു തുണ്ട് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന് അണ്ണാമലൈ വ്യക്തമാക്കി.















