മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ മക്കൾ എന്ന ലേബലിനുപരി മലയാള സിനിമാ ലോകത്ത് തന്റേതായ ഇടംനേടിയ താരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. സംവിധായകനായും പാട്ടുകാരനായും മലയാളികൾക്ക് സുപരിചിതനായി മാറിയയാളാണ് വിനീത് ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതലുമുള്ളത്. ഇപ്പോഴിതാ ധ്യാനിനെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു വിനീതിന്റെ രസകരമായ പ്രതികരണം.
“അവന്റെ മനസിൽ എന്നോട് ബഹുമാനമൊക്കെയുണ്ട്. എന്നാൽ അതൊന്നും അവൻ പുറത്തുകാണിക്കാറില്ല. ഒരു നല്ല വാക്ക് പോലും മുഖത്ത് നോക്കി സംസാരിക്കില്ല. എന്നാൽ മറ്റുള്ളവരോട് പറയുമ്പോൾ വലിയ കാര്യമായിട്ടാണ് സംസാരിക്കുന്നത്. ചെറുപ്പം മുതൽ അവൻ ഇങ്ങനെ തന്നെയാണ്. ഇപ്പോഴും സ്വഭാവത്തിൽ ഒരു വ്യത്യാസങ്ങളുമില്ല”.
“സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ഞങ്ങളെല്ലാവരും പറയാറുണ്ട്. പക്ഷേ ആര് പറഞ്ഞാലും അവൻ കേൾക്കാറില്ല. അവന്റെ ഭാര്യയും ഓരോന്ന് പറഞ്ഞ് കൊടുക്കാറുണ്ട്. സിനിമയെ ജോലിയായിട്ടാണ് ഞാൻ കാണുന്നതെന്ന് അവൻ എപ്പോഴും പറയും. എന്നും ജോലി ചെയ്യണം എന്നതാണ് അവന്റെ ആഗ്രഹം”- വിനീത് ശ്രീനിവാസൻ പറഞ്ഞു.