തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ. 1 104.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ മാത്രം ഉപയോഗിച്ചത്. ഈ കഴിഞ്ഞ മാർച്ച് 27-ന് 104.63 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചിരുന്നു. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ എത്തിയിരിക്കുന്നത്.
പീക്ക് സമയ ആവശ്യകതയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറ് മുതൽ 11 വരെ 5,265 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്.ഉപഭോഗത്തിൽ വർദ്ധനവുണ്ടാകുന്നതിനാൽ അമിത വിലയ്ക്ക് പവർ എക്സ്ചേഞ്ചിൽ നിന്നും വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്. 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതിയാണ് മിക്ക ദിവസങ്ങളിലും ഉയർന്ന വിലയ്ക്ക് വാങ്ങുന്നത്.
അതേസമയം സംസ്ഥാനത്ത് താപനിലയിലെ വർദ്ധനവിനും ശമനമില്ല. ഏപ്രിൽ രണ്ട് മുതൽ ആറ് വരെ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.