എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎമ്മിന് കുരുക്ക് മുറുക്കി ഇഡി. രണ്ടുപേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നേട്ടീസ് നൽകി. മുൻ എം.പി പികെ ബിജു, തൃശൂർ കോർപ്പറേഷൻ കൗൺസിലർ പി.കെ ഷാജൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.കഴിഞ്ഞ ദിവസം സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനും നോട്ടീസ് നൽകിയിരുന്നു.
വരും ദിവസങ്ങളിലും കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ബിജു വ്യാഴാഴ്ചയും ഷാജൻ വെള്ളിയാഴ്ചയും ഹാജരാകണം. മുൻ എം.പി ഹാജരാകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല. ബിജു മുഖ്യപ്രതിയായ സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. കരുവന്നൂരിൽ നിന്ന് തട്ടിച്ച പാവപ്പെട്ടവരുടെ പണമായിരുന്നു ഇതെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതിയിലെ അംഗങ്ങളായിരുന്നു കൗൺസിലറും മുൻ എംപിയും. അതേസമയം അന്വേഷണ റിപ്പോർട്ട് കൈമാറാനുള്ള ഇഡിയുടെ നിർദ്ദേശം എം.എം വർഗീസ് നിരസിച്ചു.ഇതിൽ കൂടുതൽ നടപടികൾ അന്വേഷണ സംഘം സ്വീകരിച്ചേക്കും.