ജിദ്ദ: സൗദി അറേബ്യയിൽ ലുലു റീട്ടെയിൽ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നു. മക്കയിൽ ഇന്നലെ നടന്ന പുതിയ പദ്ധതികളുടെ കരാർ ഒപ്പിടൽ ചടങ്ങിന് ശേഷം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ജബൽ ഒമർ ഡവലപ്മെന്റ് കമ്പനി സി.ഇ.ഒ ഖാലിദ് അൽ അമൗദി, അൽ മനാഖ അർബൻ പ്രൊജക്ട് ഡവലപ്മെന്റ് കമ്പനി സിഇഒ എഞ്ചിനീയർ വലീദ് അഹമ്മദ് അൽ അഹ്മദി, ലുലു ഗ്രൂപ്പ് സൗദി ഡയരക്ടർ ഷഹീം മുഹമ്മദ് എന്നിവർ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നിർദിഷ്ട പദ്ധതികളുടെ സംയുക്ത കരാറിൽ ഒപ്പ് വെച്ചു.
മക്ക ജബൽ ഒമറിലെ സൂഖുൽ ഖലീൽ- 3 യിലാരംഭിക്കുന്ന സംരംഭം ജബൽ ഒമർ ഡവലപ്മെന്റ് കമ്പനിയാണ് നിർമാണം പൂർത്തീകരിക്കുക. മസ്ജിദുൽ ഹറമിൽ നിന്ന് നടന്നെത്താവുന്ന അകലത്തിലാണ് ജബൽ ഒമർ പദ്ധതിയുടെ ഭാഗമായി സാക്ഷാത്ക്കരിക്കപ്പെടുന്ന ലുലു ഹൈപ്പർമാർക്കറ്റ്.
ഏഴ് ഘട്ടങ്ങളിലായി പ്രവർത്തനം പൂർത്തിയാക്കുന്ന ഇവിടെ നക്ഷത്രഹോട്ടലുകളും മികച്ച അപാർട്ടുമെന്റുകളും ഉയരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ദശലക്ഷക്കണക്കിന് തീർഥാടകരുടെ സൗകര്യം ലക്ഷ്യമാക്കിയുള്ള കൂറ്റൻ പദ്ധതിയാണിത്.
മദീനയിലാരംഭിക്കുന്ന രണ്ടാമത്തെ പുതിയ ലുലു സംരംഭത്തിന് അൽമനാഖ അർബൻ പ്രൊജക്ട് ഡവലപ്മെന്റ് കമ്പനിയാണ് നേതൃത്വം വഹിക്കുന്നത്. മദീനാ ലുലു 23,260 ചതുരശ്ര അടി വിസ്തൃതിയിലായിരിക്കും ഉയരുക.
റീട്ടെയിൽ വ്യവസായത്തിൽ മുൻനിരയിലുള്ള ലുലുവിന്റെ സാന്നിധ്യം ഇരട്ട പ്രൊജക്ടുകളായ മക്ക, മദീന ഷോപ്പിംഗ് പദ്ധതികൾ വൻവിജയമായിരിക്കുമെന്ന് ജബൽ ഒമർ, അൽമനാഖ അർബൻ എന്നീ കമ്പനികൾ പ്രത്യാശ പ്രകടിപ്പിച്ചു.
പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും പുതുതായി വരുന്ന റീട്ടെയിൽ പദ്ധതികൾ തനിക്ക് അതിയായ ചാരിതാർഥ്യം പകരുന്നുവെന്ന് അഭിപ്രായപ്പെട്ട എം.എ യൂസഫലി, തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനേയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനേയും പൊതുവിൽ സൗദി ഭരണകൂടത്തേയും തന്റെ അളവറ്റ സംതൃപ്തിയും കൃതജ്ഞതയും അറിയിച്ചു.
‘മക്കയിലേയും മദീനയിലേയും ലുലു ഹൈപ്പർമാർക്കറ്റുകൾ എന്ന തന്റെ ദീർഘകാല മോഹം പൂവണിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയും അത്യുന്നത നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവങ്ങൾ ലോകത്തെമ്പാടു നിന്നും വിശുദ്ധനഗരങ്ങളിലെ പൗരന്മാർക്കും വിദേശികൾക്കും പകർന്നുനൽകുകയും ചെയ്യുകയെന്നതാണ് ലുലു ലക്ഷ്യമിടുന്നതെന്നും യൂസഫലി പറഞ്ഞു”.
”സൗദി അറേബ്യയിൽ 100 ഹൈപ്പർ മാർക്കറ്റുകൾ എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. നിക്ഷേപകരംഗത്തെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിലും സാമ്പത്തിക പുരോഗതി യാഥാർഥ്യമാക്കുന്നതിലും പ്രതിജ്ഞാബദ്ധതയോടെയുള്ള ദീർഘവീക്ഷണമാണ് ലുലു എക്കാലത്തും പുലർത്തിപ്പോരുന്നത്”എം.എ യൂസഫലി വ്യക്തമാക്കി.
മക്ക സൂഖുൽ ഖലീലിലെ പദ്ധതിക്കു പുറമെ മക്ക കോമേഴ്സ്യൽ സെന്റർ ലുലു ഹൈപ്പർ മാർക്കറ്റ്, മദീന മസ്ജിദ് ഖുബ്ബ പദ്ധതിയുടെ ഭാഗമായുള്ള ഹൈപ്പർ മാർക്കറ്റും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് അറിയിച്ചു. ലുലു ഗ്രൂപ്പ് ജിദ്ദ റീജ്യനൽ ഡയരക്ടർ റഫീഖ് മുഹമ്മദലി, മറ്റ് ലുലു സാരഥികൾ തുടങ്ങിയവരും കരാർ ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു.
സൗദിയിലെ വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകളിലായി 1,100 സൗദി വനിതകളുൾപ്പെടെ മൊത്തം 3,300 സൗദികളാണിപ്പോൾ സേവനമനുഷ്ഠിക്കുന്നത്. പുതിയ ഈ രണ്ട് പദ്ധതികൾ കൂടി യാഥാർഥ്യമാകുന്നതോടെ മലയാളികൾ ഉൾപ്പെടെ ആയിരത്തിലധികം പേർക്ക് തൊഴിൽ നൽകുമെന്നും ലുലു മേധാവികൾ പ്രഖ്യാപിച്ചു.