തൃശൂർ: വെളപ്പായയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ഒഡിഷ സ്വദേശി രജനികാന്ത് ടിടഇ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. ട്രാക്കിൽ വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങി. വൈകിട്ട് ആറരയ്‌ക്കായിരുന്നു വിനോദ് ജോലിക്ക് കയറിയത്.
എറണാകുളം-പാട്‌ന എക്പ്രസിൽ എസ് 11 കോച്ചിലുണ്ടായിരുന്ന രജനികാന്തിനോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാളും ടിടിഇയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന്റെ ദേഷ്യത്തിൽ രജനീകാന്ത് ടിടിഇയെ മർദ്ദിച്ച് ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന പ്രതിയുടെ ഒരു കാലിന് പരിക്കുണ്ടെന്ന് യാത്രക്കാർ പറഞ്ഞു. പ്രതിയും ടിടിഇയും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മറ്റ് യാത്രികരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പ്രതിയെ പാലക്കാട് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ തൃശൂർ ആർപിഎഫിന് കൈമാറും.
ഡീസൽ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്ന വിനോദ് രണ്ട് വർഷം മുമ്പാണ് ടിടിഇ കേഡറിലേക്ക് മാറിയത്. സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നല്ല നിലാവുള്ള രാത്രി എന്ന സിനിമയിൽ പ്രധാവേഷത്തിലെത്തിയിരുന്നു. ജോസഫ്, പുലിമുരുകൻ, ആന്റണി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇയാളുടെ വിയോഗം നാട്ടുകാർക്കും സഹപ്രവർത്തകർക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല.















