ബെംഗളൂരു: കഴിഞ്ഞ 23 വർഷമായി ഒരു അവധി പോലും എടുക്കാതെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയേയും, വേനൽ ആയാൾ അവധിയെടുത്ത് വിദേശത്ത് കറങ്ങാൻ പോകുന്ന രാഹുൽ ഗാന്ധിയേയും ഒരു രീതിയിലും താരതമ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബെംഗളൂരുവിൽ ശക്തികേന്ദ്ര പ്രമുഖ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. അഴിമതിക്കാരായ നേതാക്കളുടെ സംഘമാണ് അതെന്ന് അമിത് ഷാ വിമർശിച്ചു. ” ഈ തെരഞ്ഞെടുപ്പിൽ രണ്ട് സഖ്യങ്ങളാണുള്ളത്. ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴിലാണ് ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മറുവശത്ത് ആകട്ടെ രാജ്യത്തെ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ നിൽക്കുന്ന ആളുകളും. അഴിമതിക്കാരായ ഇവർക്ക് രാജ്യത്തിന് വേണ്ടി യാതൊന്നും ചെയ്യാൻ ആഗ്രഹമില്ല. അതാണ് ഇൻഡി സഖ്യം.
നരേന്ദ്രമോദി കഴിഞ്ഞ 23 വർഷമായി മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും അർപ്പണബോധത്തോടെയും സുതാര്യതയോടെയും രാജ്യത്തെ സേവിക്കുന്നു. കഴിഞ്ഞ 23 വർഷത്തിനിടെ 23 പൈസയുടെ അഴിമതി പോലും പ്രധാനമന്ത്രിക്കെതിരെ ആരോപിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല. സുതാര്യതയോടെയുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റേത്. ജോലി ചെയ്ത് നമ്മൾ ഓരോരുത്തർക്കും മാതൃകയാവുകയാണ് അദ്ദേഹം.
പ്രധാനമന്ത്രിയേയും രാഹുൽ ഗാന്ധിയേയും ഒരു രീതിയിലും താരതമ്യം ചെയ്യുന്നതും സാധ്യമല്ല. നരേന്ദ്രമോദി ഒരു അവധി പോലും എടുക്കാതെയാണ് കഴിഞ്ഞ 23 വർഷമായി രാജ്യത്തെ ജനങ്ങളെ സേവിക്കുന്നത്. എന്നാൽ വേനൽക്കാലം വന്നാലുടൻ വിദേശത്തേക്ക് വിദേശത്ത് പോകുന്നയാളാണ് രാഹുൽ. ഈ സമയം കോൺഗ്രസുകാർ പോലും അയാൾ എവിടേക്കാണ് പോയത് എന്ന് അറിയാൻ കഷ്ടപ്പെടാറുണ്ട്. ആറ് മാസത്തോളം ആൾ പിന്നെ നാട്ടിലുണ്ടാകില്ല. അങ്ങനെയുള്ള രാഹുലിനേയും പ്രധാനമന്ത്രിയേയും ഒരു രീതിയിലും താരതമ്യം ചെയ്യാനാകില്ലെന്നും” അമിത് ഷാ വ്യക്തമാക്കി.