ഷിംല: കോൺഗ്രസിനെതിരെ വിമർശനവുമായി നടിയും ഹിമാചൽ പ്രദേശ് മാണ്ഡി ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. സ്ത്രീകളെ ബഹുമാനിക്കാൻ കഴിയാത്തവർക്ക് നമ്മുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ എങ്ങനെ സാധിക്കുമെന്ന് കങ്കണ ചോദിച്ചു. മാണ്ഡിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കങ്കണ.
“മാണ്ഡിയിൽ നിന്ന് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടത് എന്റെ ഭാഗ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ഭാഗമാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു. ഞങ്ങളെല്ലാം അദ്ദേഹത്തോട് നന്ദിയുള്ളവരാണ്”.
സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകളാണ് കോൺഗ്രസ് നേതാക്കൾ ഉപയോഗിക്കുന്നത്. അവർ രാജ്യത്തെ പൂർണമായും നശിപ്പിച്ചു. മാണ്ഡിയിലെ സ്ത്രീകളെ കുറിച്ച് കോൺഗ്രസ് മോശം വാക്കുകൾ പറയുന്നു. എന്നാൽ സ്ത്രീകളുടെ ശാക്തീകരണത്തിന് ഒരുപാട് പ്രവർത്തിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും കങ്കണ പറഞ്ഞു.