ബഹിരാകാശ യാത്രയുടെ 40-ാം വാർഷികം ആഘോഷിക്കുന്ന രാകേഷ് ശർമ്മയ്ക്ക് ആശംസകളുമായി ഇസ്രോ മേധാവി എസ്. സേമനാഥ്. ഭാരതത്തെ പ്രചോദിപ്പിക്കുന്നതിനൊപ്പം മനുഷ്യ പ്രയത്നത്തിന്റെ അതിരുകളില്ലാത്ത സാധ്യതകളെ പുറംലോകത്തെത്തിക്കാനും രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്രയ്‌ക്ക് സാധിച്ചു. 21-ാം വയസിലാണ് അദ്ദേഹം യാത്ര നടത്തിയത്.
ഇന്ത്യൻ ബഹിരാകാശ മേഖലയ്‌ക്ക് അദ്ദേഹം നൽകിയ സംഭാവനകളും ബഹിരാകാശ പര്യവേക്ഷണത്തിൽ അദ്ദേഹം അവശേഷിപ്പിച്ച മായാത്ത മുദ്രയും ഇന്നും രാജ്യം ഓർമ്മിക്കുമെന്നും എസ്. സോമനാഥ് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിന്റെ അവിഭാജ്യ ഘടകമാണ് ശർമ്മ. ദൗത്യത്തിന്റെ സഹായിയും ഉപദേശകനുമാണ് അദ്ദേഹമെന്നും സോമനാഥ് പറഞ്ഞു.
ഭാരതം ഇപ്പോഴും ‘സാരെ ജഹാൻ സേ അച്ചാ’- ലോകത്തിലെ ഏറ്റവും മികച്ചത് എന്ന് രാകേഷ് ശർമ്മ പറഞ്ഞു. 75-ാം വയസിലും ബഹിരാകാശത്തോടും യാത്രകളോടുമുള്ള അഭിനിവേശം നിലയ്‌ക്കുന്നില്ല. ബഹിരാകാശത്ത് വിനോദസഞ്ചാരിയായി പോകണമെന്നതാണ് ആദ്യ യാത്രയ്‌ക്ക് നാല് പതിറ്റാണ്ടിനിപ്പുറവും രാകേഷ് ശർമ്മയുടെ ആഗ്രഹം. അന്ന് വളരെയേറെ തയ്യാറെടുപ്പുകളാണ് യാത്രയ്‌ക്ക് വേണ്ടിയും ബഹിരാകാശത്തും നടത്തിയത്. ഇനി ജാലകചില്ലുകളിൽ മൂക്ക് മുട്ടിച്ച് ബഹിരാകാശത്ത് നിന്ന് ഭൂമിയെ ആവോളം ആസ്വദിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
1984 ഏപ്രിൽ മൂന്നിനായിരുന്നു ഇന്ത്യ ചരിത്രത്തിലേക്ക് പറന്നിറങ്ങിയത്. സോവിയറ്റ് റോക്കറ്റിൽ പറന്നുയർന്ന് ഇന്ത്യയുടെ ആദ്യത്തെ “ഗഗൻയാത്രി” ആയി മാറിയപ്പോൾ ചരിത്രം പിറക്കുകയായിരുന്നു. ഏഴ് ദിവസവും 21 മണിക്കൂറുമാണ് അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി അദ്ദേഹം നടത്തിയ സംഭാഷണം ദൂരദർശൻ ഓരോ വീടിനെയും ഹരം കൊള്ളിച്ചു, ഓരോ ഭാരതീയനെയും അഭിമാനപുളകിതനാക്കി. അവിടെ നിന്ന് ഇന്ത്യയെ എങ്ങനെ നോക്കി കാണുന്നുവെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് സാരെ ജഹാൻ സെ അച്ചാ എന്നായിരുന്നു രാകേഷ് ശർമ്മയുടെ മറുപടി. ലോകത്തിന് നെറുകയിൽ ഭാരതം എത്തപ്പെട്ടുവെന്നതിന് തെളിവായിരുന്നു ആ ഉത്തരം..
അന്തരീക്ഷത്തിൽ യോഗ അഭ്യസിച്ച ലോകത്തിലെ തന്നെ ആദ്യത്തെയാളുമാണ് രാകേഷ് ശർമ്മ. പറന്നിറങ്ങുന്നതിന് മുൻപായി, ഗുരുത്വാകർഷണം പൂജ്യത്തിലായപ്പോഴാണ് അദ്ദേഹം യോഗ അഭ്യസിച്ചത്. ഭാരമില്ലാത്ത അവസ്ഥയിൽ യോഗ അഭ്യസിക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും രാകേഷ് ശർമ്മ ഓർമ്മിക്കുന്നു. ഗഗൻയാൻ ദൗത്യസംഘം ദിവസവും യോഗ പരിശീലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗഗൻയാൻ ദൗത്യത്തിനായി നിയോഗിക്കപ്പെട്ട നാല് ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കുന്നതിൽ ഇസ്രോയെ സഹായിക്കുകയാണ് നിലവിൽ രാകേഷ് ശർമ്മ.















