ന്യൂഡൽഹി ; ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയത്തിൽ നടക്കുന്ന സർവേയിൽ ഹിന്ദുക്കളുടെ മതചിഹ്നങ്ങളും വസ്തുക്കളും അടങ്ങിയ നിലവറ കണ്ടെത്തിയതായി റിപ്പോർട്ട് . ഭോജ്ശാല സമുച്ചയത്തിൽ നേരത്തെ കാണാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ വെളിച്ചത്തുവരുന്നതെന്ന് ഹിന്ദുപക്ഷ അഭിഭാഷകൻ കുൽദീപ് തിവാരിയാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത് .
ഈ സമുച്ചയത്തിൽ സരസ്വതി ദേവിയുടെ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വലതുവശത്ത് ഒരു നിലവറ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ നിലവറയിൽ ചില വിഗ്രഹങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് സർവേയിൽ കണ്ടെത്തുമെന്നും കുൽദീപ് തിവാരി പറയുന്നു.
സംസ്‌കൃത ലിഖിതങ്ങൾ, അഷ്ടാവക്ര താമര, ശംഖ്, ഹവൻ കുണ്ഡ് എന്നിവയ്‌ക്കൊപ്പം മതപരമായ വസ്തുക്കളും ഹനുമാൻ വിഗ്രഹം പോലുള്ളവയും നിലവറയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഭോജ്ശാല ഹിന്ദുക്കളുടെ ക്ഷേത്രമാണെന്ന് സൂചിപ്പിക്കുന്നതായി കുൽദീപ് തിവാരി അവകാശപ്പെട്ടു.
തര്‍ക്കസ്ഥലത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേ നിര്‍ത്തിവെക്കണമെന്ന മുസ്ലീം പക്ഷ ഹർജി സുപ്രിം കോടതി രണ്ട് ദിവസം മുൻപ് തള്ളി കളഞ്ഞിരുന്നു . ഹിന്ദു വിശ്വാസികൾ ഇത് സരസ്വതി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമായാണ് കാണുന്നത്. 2003-ലെ എ.എസ്.ഐ ഉത്തരവ് പ്രകാരം ഹിന്ദുക്കള്‍ ചൊവ്വാഴ്ചകളില്‍ സമുച്ചയത്തില്‍ പൂജ നടത്തുന്നുണ്ട്.