വിനയൻ മലയാളത്തിന് സമ്മാനിച്ച് അത്ഭുത സിനിമയായിരുന്നു 2005-ൽ പുറത്തിറങ്ങിയ അത്ഭുതദ്വീപ്. ഉയരം കുറഞ്ഞയാളുകളുടെ കഥ വളര രസകരമായി അവതരിപ്പിക്കുന്നതിൽ ചിത്രം വിജയം കൈവരിച്ചു. കാണും തോറും പുതുമ തോന്നിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ചിത്രീകരണം ഈ വർഷം തന്നെയുണ്ടാകുമെന്നാണ് വിവരം. പ്രമുഖ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയൊരുക്കുക. അദ്ദേഹം തന്നെയാണ് സമൂഹമാദ്ധ്യമങ്ങൾ വഴി ഇക്കാര്യം വെളിപ്പെടുത്തിയത്.
ക്ലാസ് കട്ട് ചെയ്ത് സിനിമ കണ്ട സിനിമയുടെ രണ്ടാം ഭാഗത്തിന് തിരക്കഥയൊരുക്കാൻ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് അഭിലാഷ് പിള്ള. സിനിമ കണ്ട് അത്ഭുതപ്പെട്ട് ഇറങ്ങിയതിനേക്കാൾ അത്ഭുതത്തിലാണ് അദ്ദേഹം ഇപ്പോൾ.
“19 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം തൃശ്ശൂരിൽ പി സി തോമസ് സാറിന്റെ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ നിന്ന് ക്ലാസ്സ് കട്ട് ചെയ്ത് ജോസ് തിയേറ്ററിൽ പോയി കണ്ട സിനിമയാണ് അത്ഭുതദ്വീപ്. അന്ന് ആ സിനിമ കണ്ട് അത്ഭുതപ്പെട്ടപ്പോൾ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല വർഷങ്ങൾക്ക് ശേഷം അതിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്നും ആ തിരക്കഥയെഴുതാൻ വിനയൻ സാർ എന്നെ വിളിക്കുമെന്നും..”എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഈ വർഷം തിരക്കഥ പൂർത്തിയാക്കി ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും വലിയ ക്യാൻവാസിലാണ് ചിത്രമൊരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗിന്നസ് പക്രു ഉൾപ്പടെ മൂന്നുറോളം കൊച്ചു മനുഷ്യരെ വച്ച് വലിയ ക്യാൻവാസിലൊരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പണിപ്പുരയിലൊരുങ്ങുമ്പോൾ എന്താകും സർപ്രൈസ് എന്നാണ് മലയാളി ഉറ്റുനോക്കുന്നത്. വിസ്മയിപ്പിക്കാൻ അത്ഭുതദ്വീപിലെ കുഞ്ഞു വലിയ താരങ്ങൾ ഉടൻ തന്നെയെത്തുമെന്നും ഒപ്പം കുറെയധികം സർപ്രൈസ്കളും ഒരുങ്ങുന്നുവെന്ന് തിരക്കഥാകൃത്ത് വെളിപ്പെടുത്തിയതിനാൽ തന്നെ നീണ്ട കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികൾ.