ക്വിന്റൺ ഡി കോക്കും മായങ്ക് യാദവും ലക്‌നൗവിനായി കളം നിറഞ്ഞ മത്സരം. പക്ഷെ അധികമാരും ശ്രദ്ധിക്കാതെ പോയ പേരാണ് എം സിദ്ധാർത്ഥിന്റേത്. സൂപ്പർ താരം വിരാട് കോലിയുടെ വിക്കറ്റാണ് താരം നേടിയത്. കോലിയുടെ വിക്കറ്റ് വീഴ്‌ത്തുന്നത് താൻ സ്വപ്നം കണ്ടിരുന്നതായും ഈ ലോകത്തിലെ ഏറ്റവും വലിയ വിക്കറ്റാണ് താൻ നേടിയതെന്നും മത്സരശേഷം താരം പറഞ്ഞു. നാലാം ഓവറിൽ പന്തെറിഞ്ഞ സിദ്ധാർത്ഥ് ഒരു ലീഡിംഗ് എഡ്ജിലൂടെ ആണ് കോലിയെ പുറത്താക്കിയത്. 3 ഓവറിൽ 21 റൺസ് മാത്രം വഴങ്ങിയാണ് സിദ്ധാർത്ഥ് വിരാടിന്റെ വിക്കറ്റ് വീഴ്‌ത്തിയത്.
”വിരാടിന്റെ വിക്കറ്റ് വീഴ്‌ത്തുന്നത് ഞാനെപ്പോഴും സ്വപ്‌നം കാണുമായിരുന്നു. കരിയറിൽ നേടാൻ കഴിയുന്ന ഏറ്റവും വിലപിടിപ്പേറിയ വിക്കറ്റാണിതെന്ന് ആരോട് ചോദിച്ചാലും പറയും. ഞാൻ ശരിക്കും സന്തോഷവാനാണ്. ടീമിന് വേണ്ടി ഇനിയും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാവുമെന്നാണ് എന്റെ വിശ്വാസം. ”സിദ്ധാർത്ഥ് പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് സിദ്ധാർത്ഥ് കളിച്ചിട്ടുള്ളത്. ഐപിഎല്ലിൽ താരം നേടിയ ഏക വിക്കറ്റും കോലിയുടേതാണ്. ഐപിഎൽ കരിയറിൽ ആദ്യത്തെ വിക്കറ്റായി വിരാട് കോ്ലിയെ പുറത്താക്കുന്ന 10-ാമത്തെ താരമാണ് സിദ്ധാർത്ഥ്. മുമ്പ് അശോക് ദിൻഡ, ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുമ്ര, ആൽബി മോർക്കൽ, ചേതന്യ നന്ദ, മിച്ചൽ മക്ലാഷൻ, ഡഗ് ബ്രേസ്വെൽ, ഡെവാൾഡ് ബ്രെവിസ്, ഹർപ്രീത് ബ്രാർ എന്നിവരാണ് മുമ്പ് ആദ്യ വിക്കറ്റായി കോലിയെ വീഴ്‌ത്തിയത്.















