വയനാട്: ഇൻഡി മുന്നണിക്കെതിരെ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് വയനാട്ടിൽ ജനവിധി തേടുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ. ജനം ടിവിയുടെ വിത്ത് ദ ലീഡർ പരിപാടിയിൽ ചീഫ് എഡിറ്റർ പ്രദീപ് പിളളയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ സ്ഥാനാർത്ഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു. പ്രഖ്യാപനത്തിന് മൂന്ന് ദിവസം മുമ്പ് ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് സ്ഥാനാർത്ഥിത്വത്തെ പറ്റി പറഞ്ഞത്. നേതൃത്വത്തിന്റെ ആവശ്യം താൻ ഏറ്റെടുക്കുകയായിരുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഈ ദൗത്യത്തെ ഒരു വലിയ അവസരമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും അനുകൂലമായ മോദി തരംഗം ഉണ്ടായിട്ടുണ്ട്. മോദിയുടെ ഗ്യാരന്റിയെ പറ്റിയാണ് ജനങ്ങൾ ഇന്ന് ചർച്ച ചെയ്യുന്നത്. അദ്ദേഹത്തിന്റെ വികസനപ്രവർത്തനങ്ങളെ പറ്റിയും ജനക്ഷേമ പദ്ധതികളെ പറ്റിയും ജനങ്ങൾ വിശകലനം ചെയ്യുന്നുണ്ടെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വയനാട്ടിൽ നിന്നാണ് തന്റെ പൊതുജീവിതം ആരംഭിക്കുന്നത്. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ മുഴുവൻ സമയ പ്രവർത്തനത്തിൽ നിന്ന് പടിയിറങ്ങിയതിന് ശേഷം വയനാട്ടിലേക്കാണ് താൻ എത്തുന്നത്. അവിടെ കോഫി എസ്റ്റേറ്റിൽ ജോലി ചെയ്തു. ഈ സമയത്താണ് യുവമോർച്ചയുടെ ജില്ലാ അദ്ധ്യക്ഷനായതും സംസ്ഥാന ചുമതലകളിലേക്ക് പിന്നീടെത്തുന്നതും. പൊതുപ്രവർത്തനവുമായി 10 വർഷം വയനാട്ടിൽ ഉണ്ടായിരുന്നതിനാൽ ഈ സ്ഥലത്തെയും ഇവിടുത്തെ ജനങ്ങളെയും തനിക്ക് പരിചിതമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മലയാള മാദ്ധ്യമങ്ങളുടെ ഉദ്ദേശ്യശുദ്ധിയെയും കെ സുരേന്ദ്രൻ വിമർശിച്ചു. അതേക്കുറിച്ച് എല്ലാവർക്കും വ്യക്തമായ ധാരണയുണ്ട്. കമ്യൂണിസ്റ്റ് വിരുദ്ധരാണെന്ന് തുറന്നു പറഞ്ഞവരാണ് മനോരമ. മുതലാളിത്ത ചാനലാണെന്ന് പറയുമ്പോഴും ഇവിടെയല്ലാം ഉള്ളത് സിപിഎംകാരാണ്. ബിജെപിക്ക് അവസരം കൊടുക്കരുത് എന്നാണ് ഇവരുടെ ലക്ഷ്യം.
മോദി 400 ലധികം സീറ്റുകൾ നേടുമോ എന്നും കോൺഗ്രസ് 40 സീറ്റുകളിൽ എങ്കിലും വിജയിക്കുമോ എന്നുമാണ് ഇപ്പോൾ ജനങ്ങൾ ചിന്തിക്കുന്നത്. മോദിയുടെ പടയാളികളായാണ് തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ജനങ്ങൾക്ക് വേണ്ടിയുളള മോദിയുടെ കാഴ്ചപ്പാടാണ് ഓരോ സ്ഥാനാർത്ഥിക്കുമുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും കേരളത്തിൽ നിർണായകമാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപി അനുകൂല തരംഗം കേരളത്തിലുമുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.















