പാലക്കാട്: എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന സിപിഎം പിന്തുണയോടെ നടത്തുന്ന ക്രൂരതകൾ അവസാനിപ്പിക്കണമെന്ന് ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ.ടി എൻ സരസു. തനിക്ക് എസ്എഫ്ഐ കുഴിമാടമാണ് തന്നതെന്നും അവിടെ നിന്നും ഉയിർപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും സരസു പറഞ്ഞു. ഇന്ത്യയിലെ എല്ലാവരുടെയും വികസനമാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി. ആലത്തൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡോ.ടി എൻ സരസു
‘എല്ലാവർക്കും വികസനം എന്നതാണ് മോദിയുടെ ഗ്യാരന്റി. ഇന്ത്യയിലെ എല്ലാവരുടെയും വികസനമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പത്ത് വർഷം കൊണ്ട് പ്രധാനമന്ത്രി ഒരുപാട് കാര്യങ്ങൾ ചെയ്തു. നമ്മൾ ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെ പ്രധാനമന്ത്രിയായി വരും.
എന്നെക്കുറിച്ച് അറിഞ്ഞിട്ട് പ്രധാനമന്ത്രി തന്നെയാണ് സ്ഥാനാർത്ഥിയായി നിയോഗിച്ചത്. ആലത്തൂർ മണ്ഡലത്തിന്റെ പരിപൂർണ വികസനത്തിനായി അദ്ദേഹം തന്നെ ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്തു തരുമെന്ന് വിശ്വാസമുണ്ട്. ഞാൻ ചെല്ലുന്ന സ്ഥലങ്ങളിലൊക്കെ വികസനത്തിന്റെ കുറവിനെക്കുറിച്ച് ജനങ്ങൾ പറയുന്നുണ്ട്. ഇത്രയും കാലം അവസരം ലഭിച്ചിട്ടുള്ള രണ്ട് പാർട്ടികൾ ഈ മണ്ഡലത്തിൽ എന്താണ് ചെയ്തത്. ഈ പരാതികൾക്കൊക്കെ ഒരു ഈ പരാതികൾക്കൊക്കെ പരിഹാരം കാണാനായി മോദിജിക്കൊപ്പം സരസുവും ഒരു ഗ്യാരന്റി തരുകയാണ്.
സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയും അവർക്ക് അനുകൂലമായ ചില സംഘടനകളും കൂടി എന്നോട് ചെയ്തത് എന്താണെന്ന് നിങ്ങൾക്ക് അറിയാവുന്നതാണ്. അത്, ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. അതിനൊരു അവസാനം കൂടി ഉണ്ടാക്കണം. പാർട്ടിയുടെ പിന്തുണയോട് കൂടി എത്ര ക്രൂരതകളാണ് ചെയ്യുന്നത്. സിദ്ധാർത്ഥ് എന്ന കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത് നമ്മൾ കണ്ടതാണ്.
എനിക്കും എസ്എഫ്ഐ തന്നത് കുഴിമാടമാണ്, ആ കുഴിമാടത്തിൽ നിന്നും എന്നെ ഉയിർപ്പിച്ചത് മോദിജിയാണ്. എസ്എഫ്ഐ എന്ന സംഘടനയെ കേരളത്തിൽ നിന്നും ഇല്ലാതാക്കണം.’- ഡോ.ടി എൻ സരസു പറഞ്ഞു.















