വിശാഖപട്ടണം: കൊൽക്കത്തയുടെ ബാറ്റർമാർ വെടിക്കെട്ട് നടത്തിയതോടെ വാടി തളർന്ന് ഡൽഹി ക്യാപിറ്റൽസ്. 273 റൺസിന്റെ വിജയലക്ഷ്യമാണ് ഡൽഹിക്ക് മുന്നിൽ കൊൽക്കത്ത ഉയർത്തിയിരിക്കുന്നത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കെകെആർ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തു. സുനിൽ നരെയ്ൻ, ആംഗ്രിഷ് രഘുവംശി, ആന്ദ്രേ റസ്സൽ, റിങ്കു സിംഗ് എന്നിവരുടെ തീപ്പൊരി പ്രകടനമാണ് കെകെആറിന് മികച്ച സ്‌കോർ സമ്മാനിച്ചത്.
ഐപിഎല്ലിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടലാണിത്. നരെയ്നാണ്(85) ടീമിന്റെ ടോപ് സ്‌കോറർ.
ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്‌ക്ക് ഓപ്പണർമാരായ ഫിലിപ്പ് സാൾട്ട് – സുനിൽ നരെയ്ൻ സഖ്യം തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേർന്ന് സ്‌കോർ ബോർഡിൽ 60 റൺസ് ചേർത്തു.സാൾട്ടിനെ(12) മടക്കി ആന്റിച്ച് നോർക്യയാണ് അപകടകരമായ ഈ കൂട്ട്‌കെട്ട് പൊളിച്ചത്. വൺഡൗണായെത്തിയ യുവതാരം ആംഗ്രിഷ് രഘുവംശിക്കൊപ്പം സുനിൽ നരെയ്‌നും തകർത്തടിച്ചതോടെ കെകെആർ സ്‌കോർ ബോർഡ് കുതിച്ചു. 85 റൺസടുത്ത നരെയ്‌നെ മിച്ചൽ മാർഷാണ് കൂടാരം കയറ്റിയത്. പിന്നാലെ ആംഗ്രിഷും(56) പുറത്തായി. 104 റൺസാണ് ഇരുവരുടെയും കൂട്ട്‌കെട്ടിൽ പിറന്നത്. 41 റൺസുമായി ആന്ദ്രെ റസ്സലും 24 റൺസുമായി റിങ്കു സിംഗും ടീമിന് ഉയർന്ന സ്‌കോർ സമ്മാനിക്കുന്നതിൽ പങ്കാളിയായി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 18 റൺസെടുത്തു. അഞ്ച് റൺസുമായി വെങ്കടേഷ് അയ്യരും 1 റൺസുമായി മിച്ചൽ സ്റ്റാർക്കും പുറത്താകാതെ നിന്നു.
ഡൽഹിക്കായി ആന്റിച്ച് നോർക്യ മൂന്നും ഇഷാന്ത് ശർമ രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി. ഖലീൽ അഹമ്മദ് ഒരു വിക്കറ്റും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിൽ 2 ഓവർ പിന്നിടുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ് ഡൽഹി. ഓപ്പണർ പ്രിത്വീ ഷായുടെ(10) വിക്കറ്റാണ് നഷ്ടപ്പെട്ടത്. വൈഭവ് അറോറയാണ് താരത്തെ മടക്കിയത്.