കൽപറ്റ: കേന്ദ്രമന്ത്രിയും അമേഠി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി ഇന്ന് വയനാട്ടിൽ. വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ നാമനിർദേശ പത്രിക സമർപ്പണത്തിനായാണ് സ്മൃതി ഇറാനിയെത്തുന്നത്.
ഇന്ന് രാവിലെ 11-നാണ് പത്രിക സമർപ്പണം. ഒൻപതിന് കൽപ്പറ്റയിൽ നടക്കുന്ന റോഡ്‌ഷോയിലും സ്മൃതി ഇറാനി പങ്കെടുക്കും. പത്രിക നൽകിയതിന് ശേഷം കളക്‌ട്രേറ്റിൽ മാദ്ധ്യമങ്ങളെ കാണും.
കോൺഗ്രസ് കോട്ടയായിരുന്ന അമേഠിയിൽ തീപാറും മത്സരം കാഴ്ചവച്ചാണ് സ്മൃതി രാഹുലിനെ തറപ്പറ്റിച്ചത്. പിന്നാലെ സുരക്ഷിത മണ്ഡലമായാണ് രാഹുലും കോൺഗ്രസും വയനാടിനെ കാണുന്നത്. ഇനിയും സുരക്ഷിതമായി ജയിച്ച് മുഖം രക്ഷിക്കാമെന്ന് കരുതുന്നതിനിടെയിലാണ് സ്മൃതിയുടെ വയനാട് എൻട്രി. അഞ്ച് വർഷം മുൻപ് സംഭവിച്ച സ്മൃതി മാജിക് വയനാട്ടിലും സംഭവിക്കുമോയെന്ന ഭയപ്പാടിലാണ് കോൺഗ്രസ് നേതൃത്വം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ വീഴ്‌ത്തിയത്. ഇത്തവണയും അമേഠിയിൽ മത്സരിക്കാൻ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് രാഹുലിന്‍റെ വയനാട്ടിലേക്കും സ്മൃതി ഇറാനി എത്തുന്നത്.