വാഷിംഗ്ടൺ: ഇന്ത്യൻ ഇലക്ട്രോണിക് വാഹന മേഖലയിൽ കുതിക്കാൻ ഇലോൺ മസ്കിന്റെ ടെസ്‌ല. രണ്ട് മുതൽ മൂന്ന് ബില്യൺ വരെ (ഏകദേശം 16,700 കോടി രൂപ-25,000 കോടി രൂപ) വില വരുന്ന ഇലക്ട്രിക് കാർ പ്ലാന്റിനായുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി ഒരു സംഘത്തെ ഇന്ത്യയിലേക്ക് അയക്കാൻ മസ്ക് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ഈ മാസം തന്നെ സംഘം ഇന്ത്യയിലെത്തുമെന്നാണ് വിവരം.
ഓട്ടോമോട്ടീവ് ഹബ്ബുകളായ മഹാരാഷ്‌ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാകും പഠനം നടത്തുക. കുറഞ്ഞത് 500 മില്യൺ ഡോളർ (4,150 കോടിയിലധികം രൂപ) നിക്ഷേപിച്ച് മൂന്ന് വർഷത്തിനുള്ളിൽ ആഭ്യന്തര ഉത്പാദനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇവി വിപണിയിൽ മികവുറ്റ പ്രകടനം കാഴ്ച വയ്‌ക്കുന്ന അമേരിക്കയ്‌ക്കും ചൈനയ്‌ക്കും ഇന്ത്യ വൈകാതെ വെല്ലുവിളി സൃഷ്ടിക്കുമെന്ന് തീർച്ച.
പ്രമുഖ ഇവി നിർമാതാക്കളായ ടെസ്ല വർഷങ്ങളായി ഇന്ത്യൻ വിപണിയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രിയുമായി മസ്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. 24,000 ഡോളർ വിലയുള്ള ഇവി നിർമ്മിക്കാൻ സാധിക്കും വിധത്തിലുള്ള ഫാക്ടറി നിർമ്മിക്കാൻ താൽപ്പര്യമുണ്ടെന്ന് കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുത്തൻ നീക്കം. ഇന്ത്യൻ വിപണിയിലേക്ക് മസ്ക് പ്രവേശിക്കുന്നതോടെ ഇവി നിക്ഷേപങ്ങളിൽ വൻ കുതിപ്പുണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.