കൽപ്പറ്റ: വയനാടിനെ ആവേശത്തിലാഴ്‌ത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ്ഷോ. വൻ സ്വീകരണമാണ് ജനങ്ങളും പ്രവർത്തകരും അവർക്ക് നൽകിയത്. ആയിരങ്ങളാണ് റോഡ്ഷോയിൽ പങ്കെടുത്തത്.
വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ നാമനിർദേശ പത്രിക സമർപ്പണത്തിനായാണ് സ്മൃതി ഇറാനി വയനാട്ടിലെത്തിയത്. പൊന്നാട അണിയിച്ചാണ് സുരേന്ദ്രൻ അമേഠിയുടെ വികസന നായികയെ സ്വാഗതം ചെയ്തത്.
പിന്നാലെ അമ്പും വില്ലും നൽകി. റോഡ്ഷോയ്‌ക്കിടെ ജനങ്ങളെ സ്മൃതി ഇറാനി ജനങ്ങളെ അഭിസംബോധന ചെയ്തു. ഓരോ വാക്കും വൻ ആരവത്തോടെയാണ് ജനക്കൂട്ടം വരവേറ്റത്.
അമേഠിയിലെ തോൽവിക്ക് പിന്നാലെ രാഹുലും കോൺഗ്രസും സുരക്ഷിത മണ്ഡലമായി കണ്ടെത്തിയതാണ് വയനാടിനെ. അവിടെയാണ് അമേഠിയിൽ രാഹുലിനെ തോൽപ്പിച്ച സ്മൃതിയെ തന്നെ പത്രിക സമർപ്പണത്തിന് ബിജെപി കളത്തിലിറക്കിയത്. സ്മൃതിയുടെ വരവ് കോൺഗ്രസിനും രാഹുലിനും വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സ്മൃതിയുടെ വരവ് കോൺഗ്രസിനെ ഭയപ്പാടിലാക്കിയെന്ന പരിഹാസവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
രാഹുലിനെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്ത് ഇറക്കണമെന്നും ഇൻഡി സഖ്യത്തിന്റെ ഒത്തുകളി പൊളിച്ചടുക്കണമെന്നുമുള്ള കണക്കുക്കൂട്ടലിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ തന്നെ വയനാട്ടിൽ രാഹുലിനെതിരെ രംഗത്തിറങ്ങുന്നത്. രാഹുലിനും സുരേന്ദ്രനുമൊപ്പം ആനിരാജയാണ് സിപിഎമ്മിനായി മത്സരിക്കുന്നത്.