കൽപ്പറ്റ: വയനാടിന്റെ വികസന മുന്നേറ്റത്തിന് ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകി എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാഹുൽ മത്സരിക്കുന്ന വയനാട്ടിൽ ഇൻഡി സഖ്യത്തിനെതിരെ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര നിർദ്ദേശത്തിന് തുടർന്നാണ് സംസ്ഥാന അദ്ധ്യക്ഷൻ തന്നെ പോരാട്ടത്തിനിറങ്ങുന്നത്.
അമേഠിയിൽ രാഹുലിനെ 2019 ൽ പരാജയപ്പെടുത്തി കോൺഗ്രസിന്റെ കുത്തക അവസാനിപ്പിച്ച സ്മൃതി ഇറാനിയും കെ സുരേന്ദ്രന്റെ പത്രികാ സമർപ്പണ സമയത്ത് ഒപ്പമുണ്ടായിരുന്നു. പൊന്നാട അണിയിച്ചാണ് സുരേന്ദ്രന് സ്മൃതി ഇറാനിയെ സ്വീകരിച്ചത്. വൻ ജനപങ്കാളിത്തമാണ് റോഡ് ഷോയിൽ ദൃശ്യമായത്. പ്രവർത്തകരുടെ ആവേശം കണ്ട് തുറന്ന വാഹനത്തിൽ നിന്നു തന്നെ സ്മൃതി ഇറാനി അവരെ അഭിസംബോധന ചെയ്യുകയും ചെയ്തു. സ്മൃതിയുടെ ഓരോ വാക്കും കൈയ്യടിയോടെയും ആവേശത്തോടെയുമാണ് ജനക്കൂട്ടം സ്വീകരിച്ചത്.
വയനാട്ടിലെ സ്ഥാനാർത്ഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും വയനാട്ടിൽ മത്സരിക്കുന്നത് വലിയ അവസരമായാണ് കാണുന്നതെന്നും കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം ജനം ടിവിയുടെ വിത്ത് ദ ലീഡർ പരിപാടിയിൽ പറഞ്ഞിരുന്നു, വയനാടുമായി വർഷങ്ങൾ നീണ്ട ബന്ധമാണുള്ളത്. പൊതു പ്രവർത്തന രംഗത്ത് ഒരു പതിറ്റാണ്ട് കാലം വയനാട്ടിൽ ഉണ്ടായിരുന്നതിനാൽ വയനാട് ജനതയെ പരിചിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.