കാസർകോട്: എസ്ഡിപിഐയുടെ പിന്തുണ തേടാൻ കോൺഗ്രസിന് നാണമില്ലേ എന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് ഭരണഘടനയിൽ തൊട്ട് സത്യം ചെയ്യുന്നവരാണ് സ്ഥാനാർത്ഥികൾ. ഇതൊക്കെ ചെയ്തിട്ടും എസ്ഡിപിഐയുടെ പിന്തുണ തേടുന്നത് ഭരണഘടനാ വിരുദ്ധമല്ലെയെന്ന് നിങ്ങൾ ഉത്തരം പറയണം. ഒറ്റയ്ക്ക് മത്സരിക്കാനുള്ള ധൈര്യം നിങ്ങൾ കാണിച്ചാൽ നെല്ലും പതിരും ഞങ്ങൾക്ക് തിരിച്ചറിയാനാകുമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. കാസർകോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എം.എൽ അശ്വനിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നിൽ സിപിഎം, കണ്ടല തട്ടിപ്പിന് പിന്നിൽ സിപിഐ, മലപ്പുറത്ത് മുസ്ലീം ലീഗ്, വയനാട്ടിലെ കൊള്ളയ്ക്ക് പിന്നിൽ കോൺഗ്രസ്. കൊള്ള എന്ന് പറഞ്ഞാൽ ഇൻഡി മുന്നണി എന്നാണാർത്ഥം. വയനാട്ടിൽ സഹകരണ ബാങ്ക് കൊള്ളയടിച്ച കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി ജയിലിലാണ്. ഇതാണ് ഗാന്ധികുടുംബത്തിന്റെ അവസ്ഥ. ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകി വർഷങ്ങളായി പറ്റിക്കുകയാണ് അവർ. സഹകരണ ബാങ്ക് കൊളള, സ്വർണകടത്ത് ഏതും ആകട്ടെ അതിൽ ഉൾപ്പെട്ടിരിക്കുന്നത് കോൺഗ്രസും സഖ്യകക്ഷികളുമാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
പ്രവർത്തകർ എന്തിനാണ് കോൺഗ്രസിനെ ഭയപ്പെടുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. വയനാട്ടിലും അമേഠിയിലും സ്വന്തം നിലയിൽ മത്സരിക്കാൻ ഭയമുള്ളവരാണ് അവർ. അതുകൊണ്ട് അവരെ ഭയപ്പെടേണ്ട കാര്യമില്ല. അതുകൊണ്ട് പോളിംഗ് ബൂത്തിലെത്തി മൂന്നാംവട്ടവും നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാനായി വോട്ട് ചെയ്യൂ എന്നാണ് എനിക്ക് ജനങ്ങളോട് പറയാനുള്ളത്. ധൈര്യത്തിൽ താമരക്ക് വോട്ട് ചെയ്യൂ.. അന്ധകാരം മാറും സൂര്യനുദിക്കും താമരവിരിയുമെന്നും അവർ പറഞ്ഞു.