എറണാകുളം; കരുവന്നൂർ കള്ളപ്പണക്കേസിൽ മുൻ എം.പി പി.കെ ബിജു തിങ്കളാഴ്ചയും ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശം. വരും ദിവസങ്ങളിലും ചോദ്യം ചെയ്യൽ തുടരും. ബിജുവിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ന് ബിജു ഇഡിക്ക് മുന്നിൽ ഹാജരായി ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. എട്ടുമണിക്കൂറോളമാണ് ബിജുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തത്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ബിജു കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്തിയത്. വൈകിട്ട് ഏഴോടെ പുറത്തിറങ്ങിയ ബിജു ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്നാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. .
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ബിജുവിന് മുഖ്യപ്രതി സതീഷ് കുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഇയാളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായും മൊഴികളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കരുവന്നൂർ തട്ടിപ്പിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ ചുമതല പി.കെ ബിജുവിനായിരുന്നു. കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് അരവിന്ദാക്ഷൻ ബിജുവിനെതിരെ മൊഴി നൽകിയിരുന്നു. 2020ൽ സതീഷ്കുമാറിൽ നിന്ന് ബിജു അഞ്ചുലക്ഷം രൂപ കൈപറ്റിയെന്നാണ് മൊഴി.അതേസമയം ഇ.ഡിയുടെ ചോദ്യം ചെയ്യലിന് 26ന് ശേഷം ഹാജരാകാമെന്നാണ് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് അറിയിച്ചത്.
.