തിരുവനന്തപുരം: കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എത്തുന്നു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്താണ് കേന്ദ്രമന്ത്രി എത്തുന്നത്. നാളെ നെയ്യാറ്റിൻകരയിൽ രാജീവ് ചന്ദ്രശേഖറിനോടൊപ്പം റോഡ് ഷോയിലും പങ്കെടുക്കും.
ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത്ഷാ യെ ബിജെപി നേതാക്കൾ ചേർന്ന് സ്വീകരിക്കും. നാളെ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്. രാവിലെ 10.30 ഓടെയാണ് നെയ്യാറ്റിൻകരയിൽ അമിത്ഷാ യുടെ റോഡ് ഷോ ആരംഭിക്കുന്നത്. റോഡ് ഷോയിൽ അമിത്ഷായോടൊപ്പം മുതിർന്ന ബിജെപി നേതാക്കളും പങ്കെടുക്കും.
റോഡ് ഷോ വൻ വിജയമാക്കാനുള്ള ശ്രമത്തിലാണ് തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകർ. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും എസ് ജയശങ്കറും സംസ്ഥാനത്ത് പ്രചാരണങ്ങൾക്ക് എത്തിയതിന് പിന്നാലെയാണ് അമിത് ഷായും കേരളത്തിലേക്ക് എത്തുന്നത്.