ഐപിഎൽ താരലേലത്തിൽ അടിസ്ഥാന വിലയ്‌ക്ക് സ്വന്തമാക്കുക. അബന്ധം തിരിച്ചറിഞ്ഞ് ഒടുവിൽ മാനേജ്‌മെന്റ് ഒഴിവാക്കാൻ ശ്രമിക്കുക. വിവാദമാകുമെന്ന് ഉറപ്പായപ്പോൾ പേരിലുണ്ടായ ആശയക്കുഴപ്പമാണ് കാരണം, ഇയാളെയും പരിഗണിച്ചിരുന്നു എന്ന ന്യായീകരണവുമായി ടീമിലുൾപ്പെടുത്തുക. ഐപിഎല്ലിന് മുമ്പ് തന്നെ അവഗണനകൾ നേരിടേണ്ടി വന്ന താരമാണ് പഞ്ചാബ് കിംഗ്‌സിന്റെ ശശാങ്ക് സിംഗ്. സമാനതകളില്ലാത്ത പരിഹാസമാണ് താരത്തിന് നേരിടേണ്ടിവന്നത്. ആരാധകരും കളിയാക്കിയപ്പോൾ ഇതിനെല്ലാം ശശാങ്ക് തന്റെ ബാറ്റുകൊണ്ടാണ് മറുപടി നൽകിയത്. അവസരം കിട്ടിയപ്പോഴെല്ലാം ടീമിനായി മികച്ച പ്രകടനത്തിലൂടെ ക്രിക്കറ്റ് ആരാധകരുടെ ഗുഡ് ബുക്കിൽ ഇടം നേടി.
കോടികൾ മുടക്കിയ താരങ്ങളെല്ലാം ഉത്തരവാദിത്തമില്ലാതെ മടങ്ങിയപ്പോൾ പക്വതയോടെ ഇന്നിംഗ്സ് പടുത്തുയർത്തി പഞ്ചാബിനെ വിജയ തീരത്തടുപ്പിക്കാൻ 32-കാരനായി. ക്രിക്കറ്റിൽ അവഗണനയുടെ കഥകളാണ് ശശാങ്കിന് പറയാനുള്ളത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും താരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. 2018-ൽ അവസരങ്ങൾ കിട്ടാത്തതിനെ തുടർന്ന് പുതുച്ചേരിയിലേക്ക് ശശാങ്ക് ചേക്കേറി. അവിടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും താരം പാഡണിഞ്ഞു. എന്തിന് ബൗളിംഗിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ക്രിക്കറ്റിനോടുള്ള ഈ അഭിനിവേശമാണ് ശശാങ്ക് എന്ന താരത്തെ ആഭ്യന്തര ക്രിക്കറ്റിൽ ഛത്തീസ്ഗഡിൽ എത്തിച്ചത്. അവിടെയും മികച്ച പ്രകടനങ്ങൾ തുടർന്നു ആരാധകരുടെ മനസിൽ ഇടംനേടി.
2023-24 സീസണിൽ മുംബൈയ്‌ക്കെതിരെയുള്ള ഛത്തീസ്ഗഢിന്റെ ആദ്യ വിജയത്തിൽ നിർണായക പങ്കുവഹിച്ചതും ശശാങ്കെന്ന താരമാണ്. ലിസ്റ്റ് എ ക്രിക്കറ്റിൽ മണിപ്പൂരനെതിരെ 150 ലധികം റൺസ് നേടുകയും അഞ്ച് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത ആദ്യതാരമെന്ന നേട്ടവും ശശാങ്കിന് സ്വന്തമാണ്. 2017-ലാണ് ശശാങ്ക് ഐപിഎൽ കരിയർ ആരംഭിക്കുന്നത്. ഡൽഹിക്കായി അരങ്ങേറി. പിന്നീട് രാജസ്ഥാൻ റോയൽസിലും(2029-21) സൺറൈസേഴ്‌സ് ഹൈദരാബാദിലും(2022) എത്തിയെങ്കിലും മികച്ച പ്രകടനം നടത്താനായില്ല.
ബെഞ്ചിലിരുന്ന് ഒടുങ്ങേണ്ട കരിയറാണ് വീണ്ടും യുടേൺ അടിച്ചത്. പഞ്ചാബ് തോൽവി മുന്നിൽ കണ്ടുനിൽക്കുമ്പോഴാണ് ആറാമനായി ശശാങ്ക് ക്രീസിലെത്തുന്നത്. 29 പന്തിൽ നിന്ന് പുറത്താകാതെ 61 റൺസുമായി അപ്രതീക്ഷിതമെന്ന് കരുതിയ വിജയം പഞ്ചാബിന് സമ്മാനിക്കുകയായിരുന്നു. 6 ബൗണ്ടറികളും നാല് സിക്‌സറുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്. ലക്‌നൗവിനെതിരെയും ബെംഗളൂരുവിനെതിരെയും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ താരത്തിന് സാധിച്ചു.