ഐപിഎല്ലിലെ അരങ്ങേറ്റ മത്സരം ആഘോഷമാക്കിയ താരമാണ് കൊൽക്കത്തയുടെ യുവതാരം അംഗ്ക്രിഷ് രഘുവൻഷി. ബാറ്റിംഗിൽ ശ്രേയസ് അയ്യർക്ക് പകരക്കാരനായി മൂന്നാമനായി അംഗ്ക്രിഷിനെ ഇറക്കിയ പരിശീലകന് തെറ്റിയില്ല. 27 പന്തിൽ 5 ഫോറും 3 സിക്സും ഉൾപ്പെടെ 54 റൺസ് നേടിയാണ് താരം കളവിട്ടത്. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് പരിചയമില്ലാത്ത 18 വയസുകാരന് ഐപിഎൽ ഒരു പുത്തൻ അനുഭവമാണ് സമ്മാനിച്ചത്.
നിറഞ്ഞ് കവിഞ്ഞ ഗ്യാലറിക്ക് മുന്നിൽ സ്വപ്‌ന തുല്യമായ അരങ്ങേറ്റം, അതും റെക്കോർഡോടെ. 19 വയസിന് മുമ്പ് ഐപിഎല്ലിൽ അർദ്ധ സെഞ്ച്വറി നേടിയ താരമെന്ന നേട്ടമാണ് ഡൽഹിക്കെതിരായ മത്സരത്തിൽ അംഗ്ക്രിഷിന് സ്വന്തമായത്. മുമ്പ് ശുഭ്മാൻ ഗിൽ ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷൻ കിഷൻ, റിയാൻ പരാഗ്, പൃഥ്വി ഷാ എന്നിവരാണ് ഈ നേട്ടം കൈവരിച്ച താരങ്ങൾ.
ഫിൽ സാൾട്ടിന് പകരക്കാരനായി ആരാധകർ പ്രതീക്ഷിച്ചിരുന്നത് കെകെആർ നായകൻ ശ്രേയസ് അയ്യരെ. എന്നാൽ ആരാധകരെ പോലും അമ്പരിപ്പിച്ചാണ് മൂന്നാമനായി അംഗ്ക്രിഷ് ക്രീസിലെത്തിയത്. ഓവറിൽ നേരിട്ട ആദ്യ രണ്ട് പന്തുകളിലും ആൻറിച് നോർട്യക്കെതിരെ ബൗണ്ടറി നേടി താരം പതിയെ താളം കണ്ടെത്തി. ഡൽഹി ബൗളർമാരുടെ ഷോർട്ട് ബോളുകളെ ഭയമില്ലാതെ അതിർത്തി വര കടത്തിയാണ് താരം മുന്നേറിയത്.
ആഭ്യന്തര ക്രിക്കറ്റിൽ പാഡണിയാത്ത അംഗ്ക്രിഷ് ഐപിഎല്ലിലെത്തിയത് 2022-ലെ കൗമാര ലോകകപ്പിലെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ്. 46.3 ശരാശരിയിൽ 278 റൺസ് നേടിയ താരമായിരുന്നു ടൂർണമെന്റിലെ രാജ്യത്തിന്റെ ടോപ്‌സ്‌കോറർ. ലോകകപ്പിലെ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാമനായും ഇടം പിടിച്ചു. 20 ലക്ഷം അടിസ്ഥാന വിലയക്കാണ് താരത്തെ കൊൽക്കത്ത ടീമിലെത്തിച്ചത്.