മുംബൈ: മഹാരാഷ്‌ട്രയിലെ തീരദേശ നഗരമായ അലിബാഗിന്റെ പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് നിർദേശവുമായി സ്പീക്കർ. മുംബൈയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന് മൈനാക് നഗരിയെന്ന് പേരിടണമെന്നാണ് സ്പീക്കർ രാഹുൽ നർവേകർ ആവശ്യപ്പെട്ടത്.
ഛത്രപതി ശിവാജി മഹാരാജിന്റെ നാവികസേനാ മേധാവിയായിരുന്ന മൈനാക് ഭണ്ഡാരിയോടുള്ള ആദരവായി അദ്ദേഹത്തിന്റെ പേര് തീരദേശ നഗരത്തിന് നൽകണമെന്നായിരുന്നു സ്പീക്കറുടെ ആവശ്യം. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്‌ക്കാണ് ഇതുസംബന്ധിച്ച് രാഹുൽ നർവേകർ കത്തയച്ചത്.
ശിവാജി മഹാരാജിന്റെ ഭരണകാലത്ത് തീരദേശ സംരക്ഷമെന്നത് സുപ്രധാന പങ്കുവഹിച്ചിരുന്നു. തീരദേശ സുരക്ഷയ്‌ക്ക് വേണ്ടി ധാരാളം കാമ്പയിനുകളും നടന്നിരുന്നു. വൈദേശിക ശക്തികളുടെ അധിനിവേശം തടയുകയെന്നതായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി തീരദേശ മേഖലകളിൽ പ്രതിരോധം തീർക്കുന്നതിന് നാവിക സേനാ മേധാവിയെന്ന നിലയിൽ മൈനാക് ഭണ്ഡാരി വഹിച്ചത് നിർണായക പങ്കാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. കൂടാതെ അലിബാഗിൽ മൈനാക് ഭണ്ഡാരിയുടെ പ്രതിമ സ്ഥാപിക്കണമെന്ന നിർദേശവും സ്പീക്കർ മുന്നോട്ടുവച്ചിട്ടുണ്ട്.
അലിബാഗിന്റെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഭണ്ഡാരി ഫെഡറേഷൻ മഹാരാഷ്‌ട്ര സ്പീക്കറെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുനർനാമകരണം ചെയ്യണമെന്ന നിർദേശം സംസ്ഥാന സർക്കാരിനെ സ്പീക്കർ അറിയിച്ചത്.