ന്യൂഡൽഹി: ആംആദ്മി പാർട്ടിയെ ഒരുമിച്ച് നിർത്താൻ കഴിവുള്ള വ്യക്തിയാണ് അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിതാ കെജരിവാളെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്. കെജരിവാളിന്റെ അഭാവത്തിൽ സുനിതാ കെജരിവാളിന് ഡൽഹിയുടെ ഭരണം നടത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സൗരഭ് ഇക്കാര്യം വ്യക്തമാക്കിയത്.
‘അരവിന്ദ് കെജരിവാളിന്റെ സന്ദേശങ്ങൾ കൈമാറാൻ അദ്ദേഹത്തിന്റെ ഭാര്യക്ക് സാധിക്കും. നിലവിലെ സാഹചര്യത്തിൽ പാർട്ടിയെ ഒരുമിച്ച് നിർത്താൻ സാധിക്കുന്ന വ്യക്തിയാണ് സുനിതാ കെജരിവാൾ. ഡൽഹിയിലെ പ്രശ്നങ്ങൾ അരവിന്ദ് കെജരിവാളിലേക്കും അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ ഞങ്ങളിലേക്കും എത്തിക്കാൻ സാധിക്കും’- സൗരഭ് ഭരദ്വാജ് പറഞ്ഞു.
അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ സിറ്റിംഗ് മുഖ്യമന്ത്രിയാണ് അരവിന്ദ് കെജരിവാൾ. കെജ്രിവാൾ അറസ്റ്റിലായതോടെ പകരം ആര് എന്ന ചോദ്യം ആം ആദ്മി പാർട്ടിക്കുളളിൽ ചർച്ചയാണ്. സുനിത കെജ്രിവാളിന്റെ പേര് ആദ്യം മുതലേ ചർച്ചയായിരുന്നു. കെജ് രിവാൾ മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിമാരായ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്റെയും പേരുകളും ഉയർന്നു വന്നതോടെ അണികളും ആശയക്കുഴപ്പത്തിലാണ്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധം ഉൾപ്പെടെ നടന്നിരുന്നു. ഇതിൽ പങ്കെടുക്കുക കൂടി ചെയ്തതോടെ സുനിത കെജ് രിവാളിന് പിന്തുണയേറിയതായാണ് റിപ്പോർട്ടുകൾ. ഈ തർക്കങ്ങൾക്കിടയിലാണ് സുനിതയെ പ്രകീർത്തിച്ച് സൗരഭ് ഭരദ്വാജ് എത്തിയത്.















