ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിൽ സ്‌ഫോടനം നടത്തിയ കേസിൽ മുഖ്യപ്രതി മുസവിർ ഹുസൈൻ ഷാസിബ് ആണെന്ന് എൻഐഎ. ഇയാൾക്ക് വേണ്ടിയുള്ള എല്ലാ സഹായങ്ങളും ചെയ്ത് നൽകിയത് രണ്ടാം പ്രതിയായ അബ്ദുൾ മത്തീൻ താഹയാണെന്ന് തിരിച്ചറിഞ്ഞതായും എൻഐഎ വ്യക്തമാക്കി. ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 18 ഇടങ്ങളിലാണ് എൻഐഎ സംഘം പരിശോധന നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി.
കർണാടകയിലെ ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി സ്വദേശികളാണ് ഇരുവരും. ഇവരുടേയും, കേസിൽ അറസ്റ്റിലായ മുസമ്മിൽ ഷെരീഫിന്റേയും സ്‌കൂൾ കോളേജ് തലത്തിലെ സുഹൃത്തുക്കളിൽ നിന്നുൾപ്പെടെ വിവരം ശേഖരിച്ച് വരികയാണ്. മാർച്ച് 26നാണ് കേസിൽ മുസമ്മിൽ ഷെരീഫ് അറസ്റ്റിലാകുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും എൻഐഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സാക്ഷികളായി എത്തുന്നവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നും എൻഐഎ ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്. പിടിയിലായ പ്രതികളുമായി ബന്ധമുള്ള നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്ത് കഴിഞ്ഞു. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്നും ഇവർ പറയുന്നു.
കേസിൽ ബിജെപി പ്രവർത്തകൻ കസ്റ്റഡിയിലാണെന്ന തരത്തിൽ കർണാടകയിലെ കോൺഗ്രസ് നേതാക്കൾ വ്യാപകമായി വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നു. എന്നാലിത് നിഷേധിച്ച് എൻഐഎ കുറിപ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ആരേയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും, പ്രതികളെ പരിചയമുള്ള ആളുകളിൽ നിന്ന് വിവരം ശേഖരിക്കാനായി വിളിച്ച് വരുത്തുന്നുണ്ടെന്നും ഇവർ പറയുന്നു. ഇതിന്റെ വിവരങ്ങൾ പുറത്ത് വിടുന്നത് ആളുകളുടെ സുരക്ഷയെ ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സ്ഥിരീകരിക്കാത്ത വാർത്തകൾ കേസ് അന്വേഷണത്തെ തടസ്സപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഇവർ പറയുന്നു.